BREAKINGNATIONALSPORTS
Trending

ഒളിമ്പിക് ഗുസ്തിയില്‍ ചരിത്രമെഴുതി വിനേഷ് ഫോഗട്ട് ഫൈനലില്‍; ഇന്ത്യ മെഡലുറപ്പിച്ചു

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്നതോടെ വിനേഷ് ഫോഗട്ട് മെഡലുറപ്പാക്കി. ചൊവ്വാഴ്ച നടന്ന സെമിയില്‍ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാന്‍ ലോപ്പസിനെതിരേ ആധികാരിക ജയം (5-0) സ്വന്തമാക്കിയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തമായി.
ആദ്യ റൗണ്ടില്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കി കളിച്ച വിനേഷ് രണ്ടാം റൗണ്ടില്‍ അതിവേഗ ആക്രമണങ്ങളിലൂടെ നാല് പോയന്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ യുഎസ്എയുടെ സാറ ആനാണ് വിനേഷിന്റെ എതിരാളി.
നേരത്തേ ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്സാന ലിവാച്ചിനെ വീഴ്ത്തിയായിരുന്നു വിനേഷിന്റെ സെമി പ്രവേശനം. അതിനു മുമ്പ് നടന്ന പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോകചാമ്പ്യനായ യുയി സുസാക്കിയെ അട്ടിമറിച്ച് താരം ഏവരേയും ഞെട്ടിച്ചിരുന്നു. ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായിരുന്നു യുയി സുസാക്കി. അന്താരാഷ്ട്ര തലത്തില്‍ സുസാക്കിയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഇതിനു മുമ്പ് നടന്ന 82 അന്താരാഷ്ട്ര മത്സരങ്ങളിലും ജപ്പാന്‍ താരം തോല്‍വിയറിഞ്ഞിരുന്നില്ല.

Related Articles

Back to top button