ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് ചികിത്സയ്ക്കുവേണ്ടി ലഭ്യമായ സൗകര്യങ്ങളുടെ തത്സമയ വിവരങ്ങള്‍ ഉടന്‍ തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓരോ സംസ്ഥാനത്തും ഒഴിവുള്ള ആശുപത്രിക്കിടക്കകള്‍, ആംബുലന്‍സുകള്‍ മറ്റുസൗകര്യങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഡാഷ്ബോര്‍ഡ് തയ്യാറാക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും ഇത്തരത്തിലുള്ള വിവരങ്ങള്‍ തത്സമയം തയ്യാറാക്കി ലഭ്യമാക്കണമെന്നാണ് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുന്ന ജില്ലകളില്‍ അധിക സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുള്ള എട്ട് സംസ്ഥാനങ്ങളാണ് നിലവില്‍ രാജ്യത്തുള്ളത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം, രാജസ്ഥാന്, ഛത്തീസ്ഗഢ്, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് ഈ എട്ട് സംസ്ഥാനങ്ങള്‍.
നിലവിലെ സാഹചര്യത്തില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ചികിത്സ ആവശ്യമുള്ളവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. കടുത്ത രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കാം എന്നാണ് സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോളില്‍ പറയുന്നതും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുള്ളതും. കടുത്ത രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതിനിടെ ഓക്സിജനും പ്രതിരോധ മരുന്നായ റെംഡെസിവിര്‍ അടക്കമുള്ളവയും ഉപയോഗത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആശുപത്രികളിലെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
അതിനിടെ രാജ്യത്തെ 12 സംസ്ഥാനങ്ങള്‍ അവിടുത്തെ 80 ശതമാനം കോവിഡ് മുന്നണി പോരാളികള്‍ക്കും കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നല്കിക്കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അതിവേഗം വാക്സിന് കുത്തിവെപ്പ് നല്കാന് രാജസ്ഥാന്, ഛത്തീസ്ഗഢ്, ലഡാക്ക് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു.