ചെന്നൈ: രാജ്യത്ത് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പുതിയ സംപ്രേഷണനയം രൂപവത്കരിക്കാന്‍ നടപടി ആരംഭിച്ചതായി കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പറഞ്ഞു. ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ സ്വയംനിയന്ത്രണത്തിനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നയം കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു.
പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി നയത്തിന്റെ കരട് ലഭ്യമാക്കിയിട്ടുണ്ട്. ഈ അഭിപ്രായങ്ങള്‍ പരിഗണിച്ചതിനുശേഷം പാര്‍ലമെന്റില്‍ നയം അവതരിപ്പിക്കും. എഫ്.എം. റേഡിയോ സംബന്ധിച്ച പരിപാടിയില്‍ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സാധാരണ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ സിനിമ സംപ്രേഷണംചെയ്യുമ്പോള്‍ അതിന്റെ ഉള്ളടക്കം, ലക്ഷ്യമാക്കുന്ന പ്രേക്ഷകരുടെ പ്രായം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കാറുണ്ട്. അക്രമദൃശ്യങ്ങളുണ്ടെങ്കില്‍ മുന്നറിയിപ്പുനല്‍കുകയും ചെയ്യും. 18 വയസ്സ് കഴിഞ്ഞവരെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ അതും വെളിപ്പെടുത്തും. എന്നാല്‍, ഇത്തരം സ്വയംനിയന്ത്രണ നടപടിക്രമങ്ങള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ പാലിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ടെന്നും അതിനാലാണ് നയം രൂപവത്കരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകള്‍ പ്രക്ഷേപണംചെയ്യുന്നതിന് എഫ്.എം. റേഡിയോകള്‍ക്ക് അനുമതിനല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചകള്‍ നടക്കുകയാണെന്നും മുരുകന്‍ പറഞ്ഞു.
60 Less than a minute