ജോൺ ടി വേക്കൻ
മലയാളത്തിലെ പ്രമുഖ നാടകകൃത്തുക്കളോടൊപ്പം പേരുചേർക്കപ്പെട്ട എഴുത്തുകാരനായിരുന്നു ഓംചേരി എൻ എൻ പിള്ള. 1924ൽ വൈക്കം മൂത്തേടത്തുകാവ് ഓംചേരി തറവാട്ടിൽ ജനിച്ച അദ്ദേഹത്തിന്റെ പ്രവർത്തനമേഖല അരനൂറ്റാണ്ടിലേറെക്കാലമായി ഡൽഹിയായിരുന്നെങ്കിലും കേരളത്തിലെ നാടകവേദിയുടെ ഹൃദ്സ്പന്ദനം അറിഞ്ഞിരുന്ന മനീഷിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഇരുപത്തിമൂന്ന് വയസ്സുള്ളപ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നാടകവേദിയുടെ വികാസ പരിണാമങ്ങൾ സാകൂതം വീക്ഷിച്ച അദ്ദേഹം തോപ്പിൽ ഭാസി, കെ ടി മുഹമ്മദ്, ഇടശ്ശേരി,
കെ ദാമോദരൻ, എൻ എൻ പിള്ള തുടങ്ങിയവരുടെ പുരോഗമനാശയ രീതികളും ജി ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവരുടെ തനത് നാടക രീതികളും കേരളത്തിൽ സ്വാധീനം നേടിയെങ്കിലും ആ പാതകൾ പിന്തുടരാതെ സ്വതന്ത്രമായ രചനാശൈലി കണ്ടെത്താനും ആവിഷ്ക്കാരത്തിൽ പരീക്ഷണം നടത്താനും പരിശ്രമിച്ച നാടകകൃത്താണ്. അവയിൽ ശ്രദ്ധേയമായ ഒരു നാടകം “തേവരുടെ ആന”യാണ്. അദ്ദേഹത്തിന്റെ കർമ്മമേഖല ഡൽഹിയായിരുന്നതിനാൽ കേരളത്തിൽ അരങ്ങേറപ്പെട്ടിട്ടുള്ളതിനേക്കാൾ കൂടുതൽ ഡൽഹിയിലെ അരങ്ങുകളിലാണ് എത്തപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ നാടകങ്ങളും സാഹിത്യ രചനകളും മുഴുവൻതന്നെ സമാഹരിക്കപ്പടുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പടുകയും ചെയ്തിട്ടുണ്ട്. ചില നാടകങ്ങൾ ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈക്കം സ്വദേശിയായിരുന്നെങ്കിലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളതും സംസാരിച്ചിട്ടുള്ളതുമെല്ലാം ഡൽഹിയിൽവെച്ചായിരുന്നു. ഇരുപത്തിരണ്ടു വർഷംമുമ്പ് 2002ൽ ഞാൻ അദ്ദേഹത്തെ ഡൽഹിയിൽവെച്ച് കണ്ടപ്പോൾ ഇംഗ്ളീഷിൽ പ്രസിദ്ധീകരിച്ച രണ്ടു നാടകങ്ങളുടെ പ്രതികൾ എനിക്ക് സമ്മാനിച്ചിരുന്നു.
അദ്ദേഹം കലാകാരന്മാരോട് , പ്രത്യേകിച്ച് നാടകകലാകാരന്മാരോട് വലുപ്പച്ചെറുപ്പമില്ലാതെ സ്നേഹപൂർവ്വം ഇടപെട്ടിരുന്നു. നിരവധി മലയാളികൾക്കും കലാകാരന്മാർക്കും മാർഗ്ഗദർശിയായിരുന്നു ഓംചേരി. ഡൽഹിയിലെ എല്ലാവിധ കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളിലും ആരോഗ്യം അനുവദിച്ചിരുന്ന നാൾ വരെ സക്രിയമായിരുന്നു ഓംചേരി. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ഹൃദയപൂർവ്വം അനുശോചനം രേഖപ്പെടുത്തുന്നു.