BREAKINGENTERTAINMENTKERALA

ഓംപ്രകാശിനെ കാണാനായി സിനിമയിലെ യുവതാരങ്ങള്‍; ഹോട്ടലില്‍ മൂന്ന് മുറികള്‍, വന്നത് പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും അടക്കം 20 പേര്‍;

കൊച്ചി: കൊച്ചിയില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശ് ഹോട്ടലില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചെന്ന സംശയവും ഓംപ്രകാശിനെ കാണാനായി സിനിമയിലെ യുവതാരങ്ങള്‍ എത്തിയെന്ന വാര്‍ത്തയുടെയും ഞെട്ടലില്‍ മലയാള ചലച്ചിത്രലോകം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനുപിന്നാലെയുണ്ടായ ലൈംഗികാതിക്രമ കേസുകളിലും വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച് ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുറത്തുവരുന്നത്.
കുപ്രസിദ്ധ ഗുണ്ടാനേതാവായ ഓംപ്രകാശിനെ കഴിഞ്ഞദിവസമാണ് കൊച്ചി കുണ്ടന്നൂരിലെ നക്ഷത്രഹോട്ടലില്‍നിന്ന് പോലീസ് പിടികൂടിയത്. കൂട്ടാളിയും കൊല്ലത്തെ മരവ്യവസായിയുമായ ഷിഹാസിനെയും ഓംപ്രകാശിനൊപ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിലാണ് ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിനിമാതാരങ്ങളും ഓംപ്രകാശിന്റെ ഹോട്ടല്‍മുറിയില്‍ എത്തിയതായി കണ്ടെത്തിയത്.
കൊക്കെയ്ന്‍ അടക്കമുള്ള ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഓംപ്രകാശ് താമസിച്ച മുറിയില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ പോലീസ് എത്തുന്നതിന് മുമ്പ് ഹോട്ടല്‍മുറിയില്‍ സിനിമാതാരങ്ങളടക്കം പങ്കെടുത്ത ലഹരിപാര്‍ട്ടി നടന്നതായാണ് സംശയം.
ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേര്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button