BREAKING NEWSKERALA

ഓട്ടംവിളിച്ച് ഓട്ടോഡ്രൈവറെ വധിക്കാന്‍ ശ്രമം; ഓട്ടോറിക്ഷ കത്തിച്ചു, യുവാവ് കസ്റ്റഡിയില്‍

കോട്ടയം: ഓട്ടംവിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതോടെ ഓട്ടോറിക്ഷ കത്തിച്ചു. ഓട്ടം വിളിച്ച യുവാവിനെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9.30ന് മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കര മെന്‍സ് ഹോസ്റ്റലിനടുത്താണ് സംഭവം. പൈക സ്വദേശി വി.ആര്‍.അഖിലിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. പൈകയില്‍ നിന്ന് അഖിലിനെ യുവാവ് ഓട്ടം വിളിക്കുകയായിരുന്നു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കാണുന്നതിനു പോവുകയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വിളിച്ചത്. ആശുപത്രിക്കു സമീപത്തെ മുടിയൂര്‍ക്കര ജംക്ഷനിലെത്തിയപ്പോള്‍ മെന്‍സ് ഹോസ്റ്റലിനു സമീപത്തെ എ ടൈപ്പ് ക്വാര്‍ട്ടേഴ്‌സ് റോഡിലേക്കു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോള്‍ കഴുത്തില്‍പിടിച്ച് യുവാവ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നു ഡ്രൈവര്‍ പൊലീസിന് മൊഴിനല്‍കി. ഓട്ടോറിക്ഷ നിര്‍ത്തി പുറത്തേക്ക് ഓടി സമീപത്തെ കടയിലെത്തി ഡ്രൈവര്‍ വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പൊള്ളലേറ്റതായി കണ്ടതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളല്‍ ഗുരുതരമല്ല. അഗ്‌നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. ഓട്ടോ പൂര്‍ണമായും നശിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയുമായി ഡ്രൈവര്‍ക്കുള്ള ഇടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ കൊടുത്തതാണെന്നു സംശയിക്കുന്നതായി ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍ പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker