തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ പെട്ടവര്‍ക്ക് നഷ്ടപ്പെട്ട തുക പൂര്‍ണ്ണമായും തിരിച്ചുനല്‍കാമെന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ പോലീസ് നിര്‍ദ്ദേശം. ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്ന പേരില്‍ ഒരു സംഘടന ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായവരെ തേടിയെത്തുന്ന വാട്ട്‌സാപ്പ് കോള്‍ അഥവാ ശബ്ദസന്ദേശത്തില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും തന്നെ മടക്കിക്കിട്ടാന്‍ സഹായിക്കാമെന്നായിരിക്കും വാഗ്ദാനം. കാര്യങ്ങള്‍ വിദഗ്ധമായി ഇരയെ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം രജിസ്‌ട്രേഷനായി പണം ആവശ്യപ്പെടും. ഈ തുകയ്ക്ക് ജിഎസ്ടി ബില്‍ നല്‍കുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളില്‍ തിരികെ ലഭിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ തുകയും അതിനൊപ്പം മടക്കി നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവരില്‍ നിന്നുതന്നെ വിവരങ്ങള്‍ ശേഖരിച്ചാണ് ഇക്കൂട്ടര്‍ തട്ടിപ്പ് നടത്തുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക വീണ്ടെടുത്തു നല്‍കുന്നതിനായി ആള്‍ ഇന്ത്യ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്ന സംഘടനയെയോ മറ്റ് ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനത്തെയോ പൊലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ ചുമതലപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിന് ഇരയായാല്‍ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറില്‍ പോലീസിനെ വിവരം അറിയിക്കണം. തട്ടിപ്പ് നടന്ന ഒരു മണിക്കൂറിനകം തന്നെ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
63 1 minute read