ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിച്ച നടപടി സമാനതകളില്ലാത്തതാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗങ്ങള്‍ വിളിച്ചും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് മേല്നോട്ടംവഹിച്ചും നിര്‍ണായക പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ യുക്രൈനിലെ സാഹചര്യം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
വിദേശത്തുനിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ഓപ്പറേഷന് ഗംഗയെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി നാല് കേന്ദ്രമന്ത്രിമാര്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക് പോയില്ലായിരുന്നെങ്കില്‍ ആ രാജ്യങ്ങളില്‍നിന്ന് ഇത്തരത്തിലുള്ള സഹകരണം ലഭിക്കുമായിരുന്നില്ല. ഓപ്പറേഷന് ഗംഗയുടെ വിജയം മറ്റു രാജ്യങ്ങള്‍ക്കും പ്രചോദനമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുക്രൈനിലെ ബുച്ചയില്‍ റഷ്യന്‍ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തിയ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. വളരെ ഗുരുതരമായ ഈ സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു. സമാധാനത്തിനൊപ്പമാണ് ഇന്ത്യ എപ്പോഴും നിലകൊള്ളുന്നതെന്നും ജയശങ്കര്‍ സഭയില്‍ വ്യക്തമാക്കി.
ഇന്ത്യ ഏതെങ്കിലും പക്ഷം പിടിക്കുകയാണെങ്കില്‍ അത് സമാധാനത്തിന്റെ പക്ഷമായിരിക്കും. എത്രയും പെട്ടെന്ന് അക്രമം അവസാനിപ്പിക്കാനുള്ള ഇടപെടലായിരിക്കും അത്. യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളിലടക്കം ഇന്ത്യയുടെ എപ്പോഴുമുള്ള നിലപാട് ഇതാണ്. യുക്രൈനില്‍ സമാധാനം സ്ഥാപിക്കുന്നതിന് എന്തെങ്കിലും സംഭാവന നല്കാന് കഴിയുമെങ്കില്‍ ഇന്ത്യ അതിന് തയ്യാറാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.