LATESTKERALA

ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു; അതാണ് ഞാന്‍ ശത്രുവായതെന്ന് പി.സി ജോര്‍ജ്

കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി ജോര്‍ജ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതാണ് ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണം. വിജിലന്‍സില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയതും എതിര്‍പ്പിന് കാരണമായെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കാണേണ്ടിവന്നു. അന്നുമുതല്‍ ഉമ്മന്‍ചാണ്ടിക്ക് ഞാന്‍ ശത്രുവായി. ഉമ്മന്‍ചാണ്ടി ആ കാര്യത്തില്‍ തെറ്റാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് വിജിലന്‍സ് അന്വേഷണം വന്നു. അന്ന് വിജിലന്‍സിന് ഇക്കാര്യത്തില്‍ മൊഴി നല്‍കി. മൊഴി നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കേസ് വ്യാജമാണെന്ന് പറയുന്നു. അന്ന് മൊഴിനല്‍കാതിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഇന്ന് എന്റെ സ്വന്തമായിരുന്നേനെ.

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് അരുതാത്ത രീതിയില്‍ കണ്ടത്. രാത്രി 10.30 നാണ് ഞാന്‍ കണ്ടത്. ജോപ്പന്‍ മാത്രമാണ് അന്ന് ഓഫീസിന് മുന്‍പില്‍ ഉണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല. സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

തനിക്കെതിരായ പി.സി ജോര്‍ജിന്റെ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പ്രതികരിച്ചിരിന്നു. ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മുന്നണി പ്രവേശനത്തില്‍ തീരുമാനം എടുക്കേണ്ടത് യുഡിഎഫാണ്. ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നുമാണ് ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

യുഡിഎഫില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച തനിക്കെതിരെ ഉമ്മന്‍ ചാണ്ടി പാരവച്ചെന്ന് കഴിഞ്ഞ ദിവസം ജോര്‍ജ് പറഞ്ഞിരുന്നു. പാരയുടെ രാജാവാണ് ഉമ്മന്‍ ചാണ്ടി. കെ.കരുണാകരനെയും എ.കെ.ആന്റണിയേയും പാരവച്ച് താഴെയിറക്കിയ ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമോ എന്നു ഭയമാണെന്നും ജോര്‍ജ് പറഞ്ഞിരിന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker