BREAKINGKERALA

ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; 2-ാം പ്രതി അനിതകുമാരിക്ക് ജാമ്യം, പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടാം പ്രതി അനിതകുമാരിക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കി. പൊലീസിന്റെ തുടരന്വേഷണ അപേക്ഷയും കോടതി അംഗീകരിച്ചു. അതേസമയം, ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സാമ്പത്തിക ബാധ്യത മറികടക്കാന്‍ വേണ്ടിയാണ് പ്രതികള്‍ കുറ്റകൃത്യം നടത്തിയത്. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.
ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവിലാണ് ഇവര്‍ ഓയൂരില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്നു അനുപമ. അച്ഛന്‍ പത്മകുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Related Articles

Back to top button