ഇരട്ട കുഞ്ഞുങ്ങളെ വഹിച്ചിരുന്ന റെയിൽവേ ട്രാക്കിലേക്ക് ഉരുണ്ടു വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ പിതാവിനും ഒരു കുഞ്ഞിനും ദാരുണാന്ത്യം. ഇരട്ട പെൺകുട്ടികളെയും വഹിച്ചുകൊണ്ടുള്ള പ്രാം പ്ലാറ്റ്‌ഫോമിൽ നിന്ന് എതിരെ വരുന്ന ട്രെയിനിൻ്റെ പാതയിലേക്ക് മറിഞ്ഞു വീണാണ് അപകടമുണ്ടായത്. ഇരട്ടക്കുട്ടികളിൽ ഒരാൾ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ ട്രെയിനിനു മുന്നിൽ അകപ്പെട്ട പിതാവും മറ്റൊരു കുഞ്ഞും മരണപ്പെടുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കുടുംബം ഇറങ്ങിയപ്പോൾ ഒരു ചെറിയ നേരത്തേക്ക് മാതാപിതാക്കൾ കുട്ടികളെ ഇരുത്തിയിരുന്ന പ്രാമിൽ നിന്ന് കൈയ്യെടുത്തതോടെ പ്രാം പ്ലാറ്റ്ഫോമിലൂടെ ഉരുണ്ട് നീങ്ങി ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ പിതാവ് ട്രാക്കിലേക്ക് എടുത്തുചാടി. ഓസ്ട്രേലിയൻ മാധ്യമങ്ങൾ ‘ധീരനായ പിതാവ്’ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഇന്ത്യൻ വംശജനായ ആനന്ദ് റൺവാളും ഇദ്ദേഹത്തിന്റെ ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളുമാണ് അപകടത്തിൽ മരണപ്പെട്ടത്. ഒക്ടോബറിലാണ് കുടുംബത്തോടൊപ്പം ഇദ്ദേഹം ഓസ്ട്രേലിയയിൽ എത്തിയത്. ഐടി ജീവനക്കാരനായിരുന്നു ആനന്ദ് റൺവാൾ. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുഞ്ഞും അമ്മയും സെന്റ് ജോർജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.