പീരുമേട് : വ്യാപാരസ്ഥാപനത്തിലെ പെട്ടിയില്‍ നിന്നു പണം മോഷ്ടിച്ച പൊലീസുകാരനെ കടയുടമ കയ്യോടെ പിടികൂടി. നഷ്ടപരിഹാരം നല്‍കിയും മാപ്പു പറഞ്ഞും രക്ഷപ്പെടാന്‍, പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികൂടിയായ പൊലീസുകാരന്റെ ശ്രമം. കഴിഞ്ഞ ദിവസം പാമ്പനാര്‍ മാര്‍ക്കറ്റ് റോഡിലെ കടയിലായിരുന്നു സംഭവം. കടയിലെ നിത്യസന്ദര്‍ശകനായ യുവ പൊലീസുകാരന്‍ സോഡാ നാരങ്ങാവെള്ളം ആവശ്യപ്പെട്ടു കടയുടമയുടെ ശ്രദ്ധ മാറ്റിയശേഷമാണു പണം മോഷ്ടിക്കാന്‍ ശ്രമിച്ചത്. മുന്‍പു പല തവണ പൊലീസുകാരന്‍ കടയില്‍ എത്തിയപ്പോഴൊക്കെ പെട്ടിയില്‍ നിന്നു പണം നഷ്ടപ്പെട്ടതിനാല്‍ കടയുടമ ജാഗ്രത പാലിച്ചു.
പൊലീസുകാരന്‍ പെട്ടിയില്‍ കയ്യിട്ട് 1,000 രൂപ എടുത്തതിനു പിന്നാലെ ഇയാളെ ഉടമ പിടികൂടി. ബഹളം കേട്ടു സമീപത്തെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ളവരുമെത്തി. ഇതോടെ താന്‍ നഷ്ടപരിഹാരം നല്‍കാമെന്നായി പൊലീസുകാരന്‍. പരാതി നല്‍കാതിരിക്കാന്‍ 40,000 രൂപ വാഗ്ദാനം ചെയ്യുകയും 5,000 രൂപ ഉടനടി നല്‍കുകയും ചെയ്തു. ഇതിനിടെ ചില വ്യാപാരികള്‍ പീരുമേട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കാണു മുതിര്‍ന്നത്.
സമ്മര്‍ദം മുറുകിയതോടെ തനിക്കു പരാതിയില്ലെന്നു മുതിര്‍ന്ന പൗരനായ വ്യാപാരി അറിയിച്ചു. മുന്‍പ് നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഇതേ കടയില്‍ നിന്നു പൊലീസ് പിടികൂടിയിരുന്നു. അന്നു സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്‍ പിന്നീടു കടയുടമയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഇതു മുതലെടുത്ത്, കടയിലെത്തിയാല്‍ ഇയാള്‍ കാഷ് കൗണ്ടറില്‍ ഇരിക്കുക പതിവായിരുന്നുവെന്നു പറയുന്നു. സംഭവം വിവാദമായതോടെ രഹസ്യാന്വേഷണ വിഭാഗം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.