BREAKING NEWSKERALALATEST

കടലില്ലാത്ത കോട്ടയത്ത് നാവിക സേനയുടെ ടി81 പടക്കപ്പലെത്തി

കോട്ടയം: കോട്ടയം പോര്‍ട്ടില്‍ കപ്പലെത്തി. ആലപ്പുഴ മ്യൂസിയത്തില്‍ സ്ഥാപിക്കാനായി ഇന്ത്യന്‍ നാവിക സേനയുടെ ഡീ കമ്മീഷന്‍ ചെയ്ത പടക്കപ്പലാണ് കോട്ടയം നാട്ടകത്തെ പോര്‍ട്ടില്‍ എത്തിച്ചിരിക്കുന്നത്. കടല്‍ത്തീരമില്ലാത്ത കോട്ടയത്തിന് ഇതോടെ പടക്കപ്പലെത്തിയതിന്റെ പെരുമയുമായി. കടല്‍ത്തീരമില്ലാത്ത കോട്ടയത്ത് പോര്‍ട്ട് യാഥാര്‍ഥ്യമായപ്പോള്‍ അത്ഭുതപ്പെട്ടവര്‍ക്ക് വീണ്ടുമൊരു കൗതുക വാര്‍ത്തയായിരിക്കുകയാണ് പടക്കപ്പലിന്റെ വരവ്.
ഇന്ത്യന്‍ നാവികസേനയുടെ പഴയ പടക്കുതിരകളിലൊന്നാണ് കോട്ടയത്ത് എത്തിയിരിക്കുന്നത്. ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റ് ഗണത്തില്‍പ്പെട്ട ടി81 എന്ന പടക്കപ്പല്‍ ഡീ കമ്മീഷന്‍ ചെയ്ത ശേഷം ആലപ്പുഴയിലെ മ്യൂസിയത്തില്‍ സ്ഥാപിക്കുന്നതിനായി കൊണ്ടുപോകുന്നതിനാണ് കോട്ടയം പോര്‍ട്ടിലെത്തിയത്. കോട്ടയം തുറമുഖം വഴിയുള്ള ചരക്ക് നീക്കത്തില്‍ ഇത് പുതിയൊരു നാഴികക്കല്ലാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
25 മീറ്റര്‍ നീളമുള്ളതാണ് എഫ്എസി ടി81. ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് 1999 ലാണ് ഈ കപ്പല്‍ നിര്‍മ്മിച്ചത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ആസ്ഥാനത്തിന്റെ ഭാഗമായ ഈ കപ്പല്‍ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ തീരദേശ സുരക്ഷ, തുറമുഖ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള വൈറ്റലൈന്‍ എന്ന സ്ഥാപനത്തിനാണ് കപ്പലിന്റെ കയറ്റിറക്ക് ചുമതല. ഒരു മാസത്തോളം നീണ്ട അന്വേഷണങ്ങളില്‍ കപ്പലെത്തിക്കാനുള്ള സൗകര്യം കോട്ടയം പോര്‍ട്ടിലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കപ്പല്‍ ഇവിടെത്തിച്ചത്.
രണ്ട് ബോട്ടുകള്‍ക്കിടയില്‍ ഘടിപ്പിച്ചാണ് കപ്പല്‍ കൊണ്ടുവന്നത്. അനുയോജ്യമായ തീരം, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാമാണ് പരിഗണിക്കപ്പെട്ടത്. മുംബൈയില്‍ നിന്നും കൊച്ചി വഴി കോട്ടയത്തെത്തിച്ച കപ്പല്‍ എതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യേക വാഹനത്തില്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker