കൊച്ചി: കടല്‍മാര്‍ഗം രാജ്യത്തേക്കുള്ള ലഹരിക്കടത്തിനെ ശക്തമായി നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പുതുതായി ചുമതലയേറ്റ ദക്ഷിണ നാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എം.എ. ഹംപിഹോളി. 650 കിലോയോളം വരുന്ന ലഹരിവസ്തുക്കള്‍ നാവികസേന രണ്ടു തവണയാണ് പിടികൂടിയിരുന്നു. സമാനമായ ഓപ്പറേഷനുകള്‍ ഇനിയുമുണ്ടാകും. കടല്ത്തീരവാസികളായ മീന്‍പിടിത്തക്കാരുമായി നാവികസേന ബന്ധമുണ്ടാക്കും. കടലിനെ ഇവര്ക്കറിയാവുന്നതുപോലെ മറ്റുള്ളവര്‍ക്ക് കൃത്യമായി അറിവില്ല. ദക്ഷിണ നാവിക കമാന്‍ഡിന്റെ ചുമതലയേറ്റശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവഌചുമതലയൊഴിഞ്ഞശേഷമാണ് കര്‍ണാടക സ്വദേശിയായ ഹംപിഹോളി കഴിഞ്ഞ 30 ന് അധികാരമേറ്റെടുത്തത്. ചുമതലയേറ്റ മണിക്കുറുകള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും അതിനാല്‍ കാര്യങ്ങള്‍ കൂടുതലായി പഠിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാവികസേനയുടെ ശക്തി കൂട്ടേണ്ടതിന്റെ ആവശ്യമുണ്ട്. കോവിഡ്, പ്രളയം, മറ്റു ദുരന്തങ്ങള്‍ എന്നിവ നേരിടാന്‍ സേന എല്ലാക്കാലവും സജ്ജമാണ്. സമാനമായ ഏതുസാഹചര്യത്തെയും നേരിടാന്‍ ശക്തിയാര്ജിച്ചുകഴിഞ്ഞു. കടല്‍ അതിര്‍ത്തി സംരക്ഷണം വലിയ വെല്ലുവിളിതന്നെയാണ്. 2030 നകം 24 ആധുനിക മുങ്ങിക്കപ്പലുകസേനയുടെ ഭാഗമാകും. ഇതിനകം നാലെണ്ണം സേനയ്ക്ക് കൈവന്നുകഴിഞ്ഞു. മുംബൈയില്‍ കഴിഞ്ഞയാഴ്ച കടലിലിറക്കിയ ‘വേല’ ഈ തരത്തിലെ നാലാമതാണ്. കൂടുതല്‍ പടക്കപ്പലുകളുടെ ആവശ്യവുമുണ്ടെന്ന് സേനാ മേധാവി ചൂണ്ടിക്കാട്ടി. 40 കപ്പലുകള്‍ സേനയ്ക്കായി വിവിധ തുറമുഖങ്ങളില്‍ നിര്‍മാണത്തിലാണ്. രാജ്യത്തിനുള്ളില്‍ നിന്നുള്ള അസംസ്കൃത സാധനങ്ങള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാണ് ഇതുവഴി സൃഷ്ടിച്ചിട്ടുള്ളത്. ചെറുകിട ഇടത്തരം വ്യവസായങ്ങളും ഈ നിര്മിതികളില് പരോക്ഷമായി പങ്കാളികളാണെന്നും ഹംപിഹോളി പറഞ്ഞു.
സേനയും പൊതുസമൂഹവുമായി കൂടുതല്‍ അടുത്ത ബന്ധമുണ്ടാക്കുന്നതിന് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സംസ്ഥാനഭരണകൂടവും ജില്ലാ ഭരണകൂടുവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഭാവിയിലുണ്ടാകും. കോവിഡ് കാലത്ത് നിസ്തുലമായ പ്രവര്‍ത്തനമാണ് സേന കാഴ്ചവച്ചിട്ടുള്ളത്. ഒമിക്രോണ്‍ എത്തിയാലും ആ വെല്ലുവിളിയൂം നേരിടാന്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും ഒപ്പംനാവികസേനയുമുണ്ടാകും.
പടക്കപ്പലുകളിലും വിമാനങ്ങളിലൂം വനിതകളെ നിയോഗിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. പുതുതായി കമ്മിഷന് ചെയ്യുന്ന കപ്പലുകളില്‍ 20 ശതമാനം വനിതാ സാന്നിധ്യമുണ്ടാകും.
ഐ.ഐ.ടി., വിവിധ സര്‍വകലാശാലകള്‍ എന്നിവരുമായി സാങ്കേതിക വിദ്യ നേവി തേടുന്നുണ്ട്. മനുഷ്യനൂം യന്ത്രവും തമ്മിലുള്ളതല്ല പോരാട്ടത്തെക്കാലുപരി നിര്‍മിതബുദ്ധിയുടെ പുതിയ കാലത്ത് യന്ത്രവും യന്ത്രവും തമ്മിലുള്ള പോരാകും ഭാവിയില്‍ സംഭവിക്കുക. നിര്‍മിത ബുദ്ധി സമസ്തമേഖലയിലും വേരുപടര്‍ത്തിക്കഴിഞ്ഞു. ആളില്ലാ വിമാനങ്ങളും മറ്റും നേവിക്ക് കരുത്തു പകരും.
ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ നാവികസേനയുടെ നിരീക്ഷണം കൂട്ടും. മിനിക്കോയിയില്‍ വിമാനത്താവളം നാവികസേന വിഭാവനം ചെയ്യുന്നുണ്ട്.
ചീഫ് ഓഫ് സ്റ്റാഫ് ആന്റണി ജോര്‍ജ്, നാവിക സേന പി.ആര്.ഒ. കമ്മഡോര്‍ അതുല്‍ പിള്ള എന്നിവരും സംബന്ധിച്ചു.