BREAKING NEWSKERALALATEST

കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്: കെ ടി ജലീല്‍

മലപ്പുറം: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് മുന്‍ മന്ത്രി കെടി ജലീല്‍. കട്ടതിനോ കവര്‍ന്നതിനോ അല്ല, യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസെന്നും അദ്ദേഹം പറഞ്ഞു.
‘യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തില്‍ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങള്‍ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലെ പ്രതികള്‍ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവര്‍ന്നതിനോ അല്ല യുഡിഎഫിന്റെ കവര്‍ച്ചയെ എതിര്‍ത്തതിനാണ് കേസ്.’ കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
2015ല്‍ കെഎം മാണി ധനമന്ത്രിയായിരിക്കേയാണ് വിവാദമായ നിയമസഭാ കയ്യാങ്കളി നടന്നത്. ബാര്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന കെ എം മാണിയെ നിയമസഭയിലെത്തി ബജറ്റ് പ്രസംഗം അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അന്നു പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് വ്യക്തമാക്കുകയായിരുന്നു. എതിര്‍പ്പ് അവഗണിച്ച് ബജറ്റ് പ്രസംഗവുമായി നിയമസഭയിലെത്തിയ കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി പ്രതിപക്ഷം നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേയ്ക്ക് വഴി മാറുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker