Above head
WEB MAGAZINEARTICLES

കട്ട മറിഞ്ഞാൽ കാണുന്ന പടം

Above article

നിലപാടിനും ബോധ്യത്തിനും അനുസരിച്ച് ഓരോ വോട്ടറും സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. ഇനി ഇരുപത്തിയഞ്ച് നാളുകൾ നീളുന്ന കാത്തിരിപ്പാണ് ഫല മറിയാൻ. നിർണ്ണായകമായ തിരഞ്ഞെടുപ്പാണിത് എന്ന് എല്ലാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും അതാത് ഘട്ടങ്ങളിൽ പറയാറുണ്ട് .ഇത്തവണയും , എന്നാൽ ഈ നിയമസഭാ തെരഞ്ഞെടുപ്പ് മുൻപ് ഏതിൽ നിന്നും വൃത്യസ്തമായി നിർണ്ണായകം തന്നെയാണ്. പ്രധാന മൂന്നു മുന്നണികളും അതിന്റെ ഗൗരവം നല്ല നിലയിൽ മനസിലാക്കി തന്നെയാണ് പ്രകടന പത്രികളുടെ തയ്യാറക്കൽ മുതൽ സ്ഥാനാർത്ഥി നിർണ്ണവും പ്രചാരണ വിഷയങ്ങളുടെ തെരഞ്ഞെടുപ്പും ഉപയോഗപ്പെടുത്തലുമെല്ലാം ചെയ്തിട്ടുള്ളത് എന്നത് ആർക്കും ബോധ്യപ്പെടും.

ഇടതുപക്ഷ മുന്നണിക്ക് കേരളത്തിൽ നാളിതുവരെ തുടർ ഭരണം നേടാനായിട്ടില്ല. എന്നാൽ ഇത്തവണ എൽ ഡി ഫ് അത് ഉറപ്പിക്കുന്നു എന്നതാണ് അവരെ സംബന്ധിച്ച് ഈ ഇലക്ഷനെ പ്രസക്തമാക്കുന്നത്.. വി എസ് സർക്കാരിന് തുടർ ഭരണം നഷ്ടപ്പെട്ടത് കേവലം മൂന്നു സീറ്റുകളുടെ കുറവു മൂലമായിരുന്നു എങ്കിലും ആ തെരഞ്ഞെടുപ്പിൽ തുടർ ഭരണം പിടിക്കുക എന്ന ആവേശം പ്രകടമായിരുന്നില്ല. അത്തരമൊരു ഗൗരവമായ ചർച്ചയും ഉണ്ടായിരുന്നില്ല.

ഇത്തവണ സ്ഥിതി അങ്ങനെയല്ല.. ഉറപ്പാണ് എൽ ഡി എഫ് എന്ന മുദ്രാവാക്യം തന്നെയായിരുന്നു പ്രചരണത്തിന്റെ കാതൽ.. അതുകൊണ്ട് തന്നെ ഒരു തെരഞ്ഞെടുപ്പിന് മുൻപും നടക്കാത്തത്ര പ്രീ പോൾ സർവ്വേകളും ഇക്കുറി ഉണ്ടായി.. പല സർവ്വേകളും എൽ ഡി എഫ് തുടരും എന്ന നിലയിലായിരുന്നു ഫലപ്രവചനം.

വോട്ടെടുപ്പ് അവസാനിച്ച ശേഷം വിലയിരുത്തുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ മനസ് എന്താണ് ? മുന്നണികളുടെ പെർഫോമൻസ് ഏതേതു നിലയിൽ അളക്കപ്പെടും ? ജയ – പരാജയങ്ങളെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതൊക്കെ?

എൽ ഡി എഫിനെ പരിശോധിക്കുമ്പോൾ , പതിവു പോലെ വളരെ മുന്നേ തന്നെ തികഞ്ഞ തയ്യാറെടുപ്പോടെ തെരഞ്ഞെടുപ്പ് രംഗത്തെത്താൻ സാധിച്ചു എന്നത് കാണാം. പ്രായോഗികതയോടെയുള്ള മാനിഫെസ്റ്റോ പുറത്തിറക്കി ക്കൊണ്ട് തുടർ ഭരണം എങ്ങനെയായിരിക്കും എന്ന വ്യക്തമായ സൂചന നല്കുകയും ചെയ്തു. ഒപ്പം അപ്രതീക്ഷിതമായ ഒരു സാഹസിക ചുവട് വെയ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അവർ നടത്തി. തികഞ്ഞ വിജയ സാധ്യതയുള്ള , ഭരണ മികവ് പ്രകടമാക്കിയ തോമസ് ഐസക്കിനേയും ജി സുധാകരനേയും എല്ലാം പാർട്ടി പൊതുവിൽ സ്വീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മൽസര രംഗത്ത് നിന്ന് ഒഴിവാക്കി കൊണ്ട് പല മണ്ഡലങ്ങളിലും പുതുമുഖങ്ങൾക്കും യുവത്വത്തിനും സീറ്റ് നൽകി. അതിലൂടെ വലിയൊരു റിസ്കാണ് അവർ ഏറ്റെടുത്തത് എന്ന് വിലയിരുത്തേണ്ടിവരും. കഴിഞ്ഞ ഭരണത്തിൽ വിവിധ കാര്യങ്ങളിൽ ലഭിച്ച പോസിറ്റീവ് മാർക്കിനൊപ്പം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അവഗണിക്കാനാകാത്ത നെഗറ്റീവ് മാർക്കും നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഈ ഇലക്ഷൻ കാമ്പയിന്റെ ക്യാപ്റ്റനായി എന്നതും എൽ ഡി എഫ് ഏറ്റെടുത്ത സാഹസിക ദൗത്യമാണ്, തീരുമാനമാണ് എന്നു പറയാതെ വയ്യ.. ഫലം അനുകൂലമെങ്കിലും പ്രതികൂലമെങ്കിലും അത് പിണറായി വിജയന് മാത്രം അവകാശപ്പെട്ടതായിരിക്കും എന്ന് ചുരുക്കം. ഫലത്തേക്കുറിച്ച് പ്രവചന സ്വഭാവത്തോടെ ആലോചിച്ചാൽ , എൽ ഡി എഫ് നേരിയ ഭൂരിപക്ഷം നേടും എന്നു പറയാമെന്നു തോന്നുന്നു. ആദ്യ ഘട്ടത്തിലെ ഈസി വാക്കോവർ എന്നത് അവസാന ലാപ്പിൽ മാറി മറിഞ്ഞു. ഉറപ്പാണ് എൽ ഡി എഫ് എന്ന തികഞ്ഞ ആത്മവിശ്വാസത്തിന്റെ മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിഷ്പക്ഷമതികളായ വോട്ടർമാർ എന്നാൽ ഇനി യുഡിഎഫ് ആട്ടെ എന്നു കരുതാനും പിണറായി വിരുദ്ധരെ ഏകീകരിച്ച് എൽ ഡി എഫിനെതിരാക്കാനും അത് കാരണമായിട്ടുണ്ടാകാം.. വലിയ ഭൂരിപക്ഷം എന്നതിൽ നിന്ന് കഷ്ടിച്ച് വിജയിക്കുക എന്നതിലേക്ക് ഫലത്തെ മാറ്റുന്നതിൽ അതൊരു ഘടകമായിരിക്കും.. ഭരണത്തിലെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള വോട്ട് എന്നതിനൊപ്പം ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് ബാങ്ക് എങ്ങനെ പ്രതിഫലിച്ചു എന്ന ഘടകവുമായിരിക്കും എൽ ഡി എഫിന്റെ വിജയത്തിന്റെ അടിസ്ഥാന ഘടകങ്ങൾ.

യു ഡി എഫിനെ സംബന്ധിച്ച് കാര്യങ്ങൾ ആദ്യമത്ര ശുഭകരമായിരുന്നില്ല. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വലിയ പ്രതിസന്ധി നേരിട്ടു. എങ്കിലും പുതുമുഖങ്ങൾക്ക് അവസരം നല്കുക എന്നതും ലീഗ് ഒരു വനിതയെ സ്ഥാനാർത്ഥി ആക്കിയെന്നതും ഗൗരവതരമായ രീതിയിൽ പ്രകടന പത്രിക തയ്യാറാക്കി എന്നതും ശ്രദ്ധേയമായ സംഗതികളാണ്. പ്രതി പക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉമ്മൻ ചാണ്ടി കൂടി രംഗത്തേക്ക് വന്നത് കോൺഗ്രസിലെ ഐ ഗ്ര്യൂപ്പിന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ച വിഷയമായി.. ഒട്ടും അനുകൂലമല്ലാത്ത തുടക്കത്തിൽ നിന്ന് ഇലക്ഷൻ പ്രചാരണത്തിന്റെ മദ്ധ്യ ഘട്ടം കഴിയുമ്പോൾ അവർ ആത്മവിശ്വാസത്തിലേക്കും പ്രവർത്തന മികവിലേക്കും വളർന്നതാണ് കാണാനായത്.

വിജയിച്ച് ഭരണം നേടാനായാലും ഭൂരിപക്ഷത്തിനടുത്തെത്തുന്ന തോൽവിയായാലും അത് രമേശ് ചെന്നിത്തലക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. കാരണം ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. അദ്ദേഹം ഭരണത്തിനെതിരെ ഉയർത്തിക്കൊണ്ടു വന്ന എല്ലാ വിഷയങ്ങളും ക്ലച്ചു പിടിക്കുകയും ജനശ്രദ്ധയാകർ ക്ഷിക്കുകയും സർക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ആഴക്കടൽ വിവാദവും ഇരട്ട വോട്ട് വിഷയവും അദാനി വൈദ്യുതി കരാറുമെല്ലാം ഇലക്ഷനിൽ യു ഡി എഫിന് വളരെ മൈലേജ് ഉണ്ടാക്കിക്കൊടുത്തു.. അവയെല്ലാം പ്രതാപ ക്ഷ നേതാവിന്റെ ഒറ്റയാൾ യുദ്ധങ്ങളായിരുന്നു.. മുന്നണിയോ കോൺഗ്രസ് സംഘടനയോ രമേശ് ചെന്നിത്തലക്ക് വേണ്ടത്ര പിന്തുണ നല്കിയോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ഈ ഇലക്ഷനിലെ യു ഡി എഫിന്റെ ആദ്യാവസാന സർവ്വസൈന്യാധിപനും മുന്നണി പോരാളിയും രമേശ് ചെന്നിത്തല തന്നെയെന്ന് നിസ്സംശയം വിലയിരുത്താം. ഏത് ഇലക്ഷനിലും അത്ഭുതങ്ങൾ സംഭവിക്കാമല്ലോ ? ആ നിലയിൽ യു ഡി എഫ് നേരിയ ഭൂരിപക്ഷം നേടാം എന്നതും അസംഭാവ്യമല്ല .

Inline

ബി ജെ പി നയിക്കുന്ന എൻ ഡി എ മുന്നണിയെ സംബന്ധിച്ച് മുന്നണി എന്നത് ഒരലങ്കാരം മാത്രമാണ്. ഘടക കക്ഷികൾക്കു വേണ്ടി കൂടി ബി ജെ പി പണിയെടുക്കേണ്ടവണ്ണമാണ് സ്ഥിതി. ഈ ഇലക്ഷന്റെ മുന്നൊരുക്കത്തിൽ ബി ജെ പി കൃത്യമായ ചുവടുകൾ വച്ചെങ്കിലും മൂന്നു മണ്ഡലങ്ങളിലെ നോമിനേഷൻ തള്ളിപ്പോയത് വലിയ അപമാനത്തിന് കാരണമായി. പ്രത്യേകിച്ചും തലശേരിയിലും ഗുരുവായൂരിലും.

മെട്രോമാൻ ശ്രീധരനെപ്പോലുള്ള വ്യക്തിത്വങ്ങളെ പാർട്ടിയിലെത്തിച്ച് സ്ഥാനാർത്ഥിയാക്കാൻ കഴിഞ്ഞതും കേരള രാഷ്ടീയത്തിൽ അവഗണിക്കാനാവാത്ത നിർണ്ണായക ശക്തിയാണ് തങ്ങൾ എന്ന പ്രതീതി സൃഷ്ടിക്കാനായതും ശബരിമല എല്ലാ മുന്നണികൾക്കും പ്രധാന വിഷയമായി പരിഗണിക്കേണ്ട കേന്ദ്ര വിഷയമാക്കിയതിലുമെല്ലാം ബി ജെ പിയുടെ രാഷ്ട്രീയ തന്ത്ര മികവ് പ്രകടമായി. 35 സീറ്റുകൾ കിട്ടിയാൽ തങ്ങൾ കേരളം ഭരിക്കുന്ന സാഹചര്യമുണ്ടാക്കും എന്നുള്ള അതിരുകവിഞ്ഞ അവകാശവാദമെല്ലാം ബിജെപി അണികളെയും അനുഭാവികളെയും ആവേശഭരിതരാക്കി.. പ്രധാനമന്തി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രിഅമിത് ഷായും കേന്ദ്ര മന്ത്രിമാരും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും എല്ലാം താര പ്രചാരകരായി എത്തിയതിലൂടെ മനസിലാക്കേണ്ടത് ഈ തിരഞ്ഞെടുപ്പിനെ ബി ജെ പി അതി നിർണ്ണായകമായി കാണുന്നു എന്നതാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ നിയമസഭയിൽ ഒരു എം എൽ എ ഉണ്ടായിരുന്നതിൽ നിന്ന് എം എൽ എ മാരുടെ എണ്ണത്തിലും വോട്ടു വിഹിതത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായില്ലെങ്കിൽ അവർക്കത് വലിയ തിരിച്ചടിയായി എന്നു വിലയിരുത്തേണ്ടി വരും. നിയമ സഭാ പ്രാതിനിധ്യം ഏതു വിധേയവും ഉറപ്പാക്കണം എന്നതുകൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയായത്. പക്ഷേ ബി ജെ പിക്ക് അത്ര ആശാവഹമായിരിക്കില്ല ഫലം എന്നു തോന്നുന്നു. അടുത്ത നിയമസഭയിൽ ബി ജെ പിക്ക് പ്രതിനിധി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചിലരെ ഒപ്പം നിർത്താൻ ബി ജെ പിക്ക് കഴിഞ്ഞിട്ടുണ്ട് .. എന്നാൽ ആ വിഭാഗങ്ങളിലെ വോട്ടുകൾ കാര്യമായി അവർക്ക് ലഭിക്കുമോ എന്നത് കണ്ടറിയണം …നാലു മണ്ഡലങ്ങളിൽ ഒരു പക്ഷേ ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തിയേക്കാം. കേരളത്തിലെ ബി ജെ പി യുടെ ഗുജറാത്ത് എന്ന് അവർ വിശേഷിപ്പിക്കുന്ന നേമത്ത് മൂന്നാം സ്ഥാനത്ത് ആകാനാണ് സാധ്യത. 2026 നേക്കുറിച്ച് ഒരു ചർച്ച പോലും വേണ്ട ബി ജെ പി വൻ ഭൂരിപക്ഷത്തോടെ അന്ന് ഭരണത്തിലായിരിക്കും എന്ന കെ സുരേന്ദ്രന്റെ അവകാശ വാദവും മുഖവിലക്കെടുക്കേണ്ടതില്ല.. ഇക്കുറി എൽ ഡി എഫ് ജയിച്ചാൽ കോൺഗ്രസ് ശോഷിക്കും എന്നതിൽ തർക്കമില്ല.. പക്ഷേ കേരളത്തിലെ മുന്നണി ബന്ധങ്ങളിൽ കാര്യമായ മാറ്റങ്ങൾ അന്നുണ്ടാകും.. യുഡിഎഫിൽ നിന്ന് ലീഗ് എൽ ഡി എഫിലേക്ക് മാറാനാണ് സാധ്യത.. ഏതെങ്കിലും കേരള കോൺഗ്രസ് വിഭാഗങ്ങൾ എൻ ഡി എ യിൽ എത്തുമായിക്കും.. എങ്കിലും ബി ജെ പി കരുതുന്നത്ര എളുപ്പമായിരിക്കില്ല കാര്യങ്ങൾ 20 26 ലും .

Related Articles

Back to top button