കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ പാറക്കണ്ടിയില്‍ മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് നേരേ കല്ലെറിഞ്ഞ കേസിലാണ് ഒഡിഷ സ്വദേശിയായ സര്‍വേഷ്(23) എന്നയാളെ പോലീസ് പിടികൂടിയത്.
ഇതരസംസ്ഥാനത്തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയിലാണ് ട്രെയിനിന് നേരേ കല്ലെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അട്ടിമറി ശ്രമം ഇല്ലെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരമെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
ഓഗസ്റ്റ് 13 മുതല്‍ 16 വരെ നാലുദിവസത്തിനിടെ നാല് ട്രെയിനുകള്‍ക്ക് നേരേയാണ് കണ്ണൂരിലും നീലേശ്വരത്തുമായി കല്ലേറുണ്ടായത്. ഓഗസ്റ്റ് 13-ന് മാത്രം മൂന്ന് ട്രെയിനുകള്‍ക്ക് നേരേ ആക്രമണമുണ്ടായി. ഇതിലെ ഒരു കേസിലാണ് ഇപ്പോള്‍ പ്രതിയെ പിടികൂടിയിരിക്കുന്നത്. ഓഗസ്റ്റ് 16-ന് തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വന്ദേഭാരത് എക്സ്പ്രസിന് നേരേയും കല്ലേറുണ്ടായിരുന്നു.