കണ്ണൂര്‍: കണ്ണൂരില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതില്‍ പ്രതികരിക്കേണ്ട നിലയില്‍ പ്രാധാന്യമില്ലെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീം. താന്‍ ആ കാര്യത്തില്‍ മറുപടി പറയേണ്ടതില്ല. ഡിവൈഎഫ്‌ഐയെ പോറലേല്‍പ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും രാജ്യസഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് ഇടതുപക്ഷ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ പോലും അവശേഷിക്കില്ലായിരുന്നു. ആ നിലയില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
നീറ്റ്-നെറ്റ് പരീക്ഷ വിവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കയെ അഭിസംബോധന ചെയ്യാന്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്. എന്‍ ടി എ അവസാനിപ്പിക്കണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്. ആ സംവിധാനം ഒരു പരാജയമാണ്. പ്രവേശനം നടത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വികേന്ദ്രീകരിച്ചു കൊടുക്കണം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പരീക്ഷകളെക്കുറിച്ച് ഒരു ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
അംഗത്വം പുതുക്കാതിരുന്നതോടെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് മനു തോമസിനെ ഇന്നലെ പുറത്താക്കിയിരുന്നു. ക്വട്ടേഷന്‍, ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്നും അതിപ്പോഴും തുടരുന്നുവെന്നും പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ പരാതിപ്പെട്ടപ്പോള്‍ തിരുത്താന്‍ തയ്യാറാവാത്തതാണ് രാഷ്ട്രീയം വിടാന്‍ കാരണമെന്നുമാണ് മനു തോമസിന്റെ പ്രതികരണം. ഒന്നര വര്‍ഷത്തോളമായി മനു തോമസ് സജീവ രാഷ്ട്രീയത്തില്‍ ഇല്ല.
1,087 1 minute read