കണ്ണൂരിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കും നഴ്സിനുമെതിരെ നടപടി. പാനൂർ പിഎച്ച്സിയിലെ ഡോക്ടർക്കും നഴ്സിനുമെതിരെയാണ് നടപടി. ഇരുവരേയും സ്ഥലം മാറ്റി. സംഭവം അന്ത്യന്തം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.
കണ്ണൂർ പാനൂരിലാണ് സംഭവം. മാണിക്കോട്ട് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്ന സമീറയ്ക്ക് ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് അരക്കിലോമീറ്റർ മാത്രം അകലെയുള്ള പാനൂർ പിഎച്ച്സിയിൽ വിവരം അറിയിച്ചു. എന്നാൽ കൊവിഡ് കാലമായതിനാൽ വീട്ടിൽ എത്താൻ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇതിനിടെ സമീറയുടെ ആരോഗ്യസ്ഥതി മോശമായി. തൊട്ടടുത്തുള്ള സ്വകാര്യ ക്ലിനിക്കിലെ നഴ്സ് എത്തിയാണ് പ്രവസമെടുത്തത്.
തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഞ്ഞ് മരിച്ചു. സംഭവത്തിൽ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് കുടുംബം ആരോപിച്ചു. സമീറയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.