കണ്ണൂര്‍: താവക്കരയിലെ അംഗണവാടിയില്‍ രാത്രി അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും കഞ്ഞിവച്ച് കുടിക്കുകയും ചെയ്ത കള്ളന്‍ അറസ്റ്റില്‍. മട്ടന്നൂര്‍ സ്വദേശി വിജേഷാണ് പിടിയിലായത്. 3 തവണയാണ് പ്രതി ഈ അംഗണവാടിയില്‍ കയറി നാശനഷ്ടം വരുത്തുകയും ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയും ചെയ്തത്.
കള്ളന്മാര്‍ പലവിധമുണ്ട്. എന്നാല്‍ വ്യത്യസ്തനായ ഒരു കള്ളനാണ് കണ്ണൂരില്‍ പോലീസ് പിടിയിലായത്. ഒരു തവണയല്ല മൂന്നു തവണയാണ് കള്ളന്‍ താവക്കരയിലെ അംഗന്‍വാടിയില്‍ കയറിയത്. അംഗന്‍വാടിയില്‍ നിന്ന് അരിയും പയറും, എടുത്ത് പാചകം ചെയ്ത് കഴിച്ചു. ഓംലേറ്റും തയ്യാറാക്കി കഴിച്ചു. സാധന സാമഗ്രികള്‍ നശിപ്പിക്കുകയും ജനല്‍ ചില്ലുകളും ടൈലുകളും തകര്‍ക്കുകയും ചെയ്തു. അങ്കണവാടിയില്‍ കാര്യമായി ഒന്നും മോഷ്ടിക്കാന്‍ ഇല്ലാത്തതിനാല്‍ ഒന്നും പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. സംഭവം പലതവണ ആവര്‍ത്തിച്ചതോടെ പോലീസ് ഈ വെറൈറ്റി കള്ളനെ വലയിലാക്കാന്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി. ഒടുവില്‍ മട്ടന്നൂര്‍ സ്വദേശിയായ വിജേഷ് പോലീസ് പിടിയില്‍. വിശന്നു പറഞ്ഞ ഒരു സാധുവാണല്ലോ ഈ കള്ളന്‍ എന്ന് തോന്നാം. എന്നാല്‍ പ്രതി ആള് ചില്ലറക്കാരനല്ലെന്നാണ് പൊലീസ് പറയുന്നത്.
വിജേഷിനെതിരെ കണ്ണൂര്‍ ജില്ലയ്ക്ക് അകത്തും പുറത്തുമായി ഇരുപതോളം മോഷണ കേസുകളുണ്ടെന്ന് ടൗണ്‍ സിഐ ബിനു മോഹന്‍ പറഞ്ഞു.
താണയിലെ മറ്റൊരു അംഗനവാടിയിലും മോഷണം നടത്തിയത് വിജേഷ് തന്നെയെന്നാണ് പോലീസ് കണ്ടെത്തല്‍. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡിലെ ടെസ്റ്റെയില്‍സ് ഷോപ്പില്‍ മോഷണം നടത്താന്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. രണ്ട് കേസിലും പ്രതി ഒരാള്‍ തന്നെയെന്ന് പിന്നാലെ പോലീസ് തിരിച്ചറിഞ്ഞു. സംഘമായും ഒറ്റയ്ക്കുമൊയി 20ലധികം മോഷണ കേസുകളാണ് പ്രതിക്കെതിരെയുള്ളത്.