തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു എന്നതിന് തെളിവ് പുറത്ത്. മന്ത്രി അയച്ച കത്ത് പുറത്തു വന്നു. ഇതു സംബന്ധിച്ച് ഗവര്‍ണ്ണര്‍ക്കാണ് പ്രൊഫ. ബിന്ദു കത്ത് നല്‍കിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.
കണ്ണൂര്‍ വിസി പുനര്‍ നിയമനത്തിന് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുമ്പോഴും മന്ത്രി മൗനം തുടരുന്നതിനിടെയാണ് ഇപ്പോള്‍ കത്ത് പുറത്തുവന്നിരിക്കുന്നത്. വിസിക്ക് പുനര്‍നിയമനം നല്കാന് സര്‍ക്കാര്‍ നോമിനിയെ ചാന്‍സലറുടെ നോമിനിയാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്.
വിരമിച്ച ദിവസം കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമനം നല്കാന് ആര് ഗവര്‍ണ്ണര്‍ക്ക് ശുപാര്‍ശ നല്കി എന്നതില്‍ സര്‍ക്കാര്‍ ഉരുണ്ടുകളി തുടരുകയാണ്. സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിക്ക് കിട്ടിയ മറുപടി. വിവരാവകാശ നിയമപ്രകാരമുള്ള തുടര്‍ അപേക്ഷകളില്‍ രാജ്ഭവന്റെയും സര്‍ക്കാറിന്റെയും മറുപടി കാത്തിരിക്കെ സംശയമുന നീളുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയിലേക്ക് തന്നെയായിരുന്നു. സര്‍ക്കാര്‍ നിലപാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കുന്നതിന് പകരം മന്ത്രി തന്നെ വിസി നിയമനത്തിന് കത്ത് നല്കി എന്ന ആക്ഷേപം തുടര്‍ച്ചയായി പ്രതിപക്ഷം ഉയര്‍ത്തുന്നു.
മന്ത്രിയല്ലെങ്കില്‍ ആരെന്ന് വ്യക്തമാക്കണമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. മന്ത്രിയാകട്ടെ വിവാദത്തില്‍ മൗനം തുടരുന്നു. വിസിയുടെ വിവാദ പുനര്‍നിയമനത്തിലെ മന്ത്രിയുടെ മറ്റൊരു നിര്‍ണ്ണായക ഇടപെടല്‍ ഗവര്‍ണ്ണറും വെളിപ്പെടുത്തി. ഒരു വിസിയെ നിയമിക്കാനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സമ്മര്‍ദ്ദം ഫലത്തില്‍ സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പരിധിയിലേക്കാണ് വരുന്നത്. നോമിനിയെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തലിലും ആര് ബിന്ദു മൗനത്തില്‍ തന്നെ. ഗോപിനാഥ് രവീന്ദ്രറെ നിയമന കേസില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ പരാമര്‍ശങ്ങള്‍ എന്തെങ്കിലും മന്ത്രിക്കെതിരെ ഉണ്ടാകുമോ എന്നതാണ് സുപ്രധാനം. നിയമനാധികാരി തന്നെ നിയമനം ചട്ടംലംഘിച്ചാണെന്ന് പരസ്യമാക്കിയത് കൂടി കോടതിയുടെ പരിഗണനയിലേക്കെത്തിക്കാനാണ് ഹര്‍ജിക്കാരുടെ ശ്രമം.