തിരുവനന്തപുരം:അച്ചന്‍കോവില്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ പത്തനംതിട്ട ജില്ലയിലെ കല്ലേലിയിലെയും കോന്നിയിലെയും സ്റ്റേഷനുകളില്‍ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാല്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.അതേസമയം, കനത്ത മഴയില്‍ മൂന്നാറില്‍ വീട് തകര്‍ന്നു. മൂന്നാര്‍ ന്യൂ നഗര്‍ സ്വദേശി കാളിയുടെ വീടാണ് പുലര്‍ചെ മഴയില്‍ പൂര്‍ണമായും തകര്‍ന്നത്. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വീട് അപകടാവസ്ഥയെ തുടര്‍ന്ന് സമീപത്തെ മറ്റൊരു വീട്ടിലാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്.
***