മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടത് തിരിച്ചടിയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺഗ്രസ് പാർട്ടിയിലേക്ക് ചിലർ വരുന്നു, ചിലർ പാർട്ടിയിൽ നിന്ന് പോകുന്നു. ഈ വിഷയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വേണുഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
കോൺഗ്രസിന് വിശാലമായ ഇടമുണ്ട്, ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പാർട്ടി വിട്ടേക്കാം, ചിലർ മറ്റ് പാർട്ടികളിലേക്ക് പോയേക്കാം. പാർട്ടി വിട്ട ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം നേരത്തെ തന്നെ പാർട്ടി അധ്യക്ഷന് കത്ത് എഴുതിയിരുന്നു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ നിലപാട് പറയട്ടെ. അപ്പോൾ മറുപടി പറയാം. – വേണുഗോപാൽ പറഞ്ഞു.
പാർട്ടി പുനർനിർമ്മിക്കപ്പെടും. സമഗ്രമായ ഒരു പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ഒരുപാട് മാർഗനിർദേശങ്ങൾ വരാൻ പോകുന്നു. ഓരോ വ്യക്തിക്കും ഓരോ ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അംഗത്വം രാജിവെക്കുന്നതായി മെയ് 16ന് കപിൽ സിബൽ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് വിട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. പിന്നാലെ, സമാജ് വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദേശപത്രിക നൽകി.