BREAKINGKERALA
Trending

കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം, പാര്‍ട്ടിയില്‍ വിഭാഗീയതയില്ല- എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കരുനാഗപ്പള്ളിയിലുണ്ടായത് പ്രാദേശികമായ പ്രശ്നങ്ങളാണെന്നും വിഭാഗീയതയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടി അപമാനകരമായ നിലപാട് സ്വീകരിച്ചെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും അതിനായി വലിയ പ്രചാരമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആയിരക്കണക്കിന് ബ്രാഞ്ച്- ഏരിയ സമ്മേളനങ്ങള്‍ നടന്നു. അവിടെയൊന്നും പ്രശ്നങ്ങളുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവമാണ്. സമ്മേളനങ്ങളെല്ലാം നടക്കുന്നത് ആരോഗ്യകരമായ രീതിയിലാണ്, ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിവിരുദ്ധമായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ലെന്നും ശരിയായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റംചെയ്തവരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിന്റെ രീതിയല്ല സിപിഎമ്മിന്റേതെന്നും പാര്‍ട്ടി കൃത്യമായ നിലപാടെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, പ്രാദേശികതലത്തിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ അതാത് സമയത്ത് ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചു.
പ്രശ്‌നങ്ങളെ തുടര്‍ന്ന് കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മറ്റി കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിയെടുത്തത്.
സമ്മേളനത്തില്‍ പുതിയ നേതൃപാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പിനെ തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ സിപിഎം വിമതരുടെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അഴിമതിക്കാരായവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്നായിരുന്നു ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി.

Related Articles

Back to top button