കരുനാഗപ്പള്ളി: സിപിഎം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ കരുനാഗപ്പള്ളിയില്‍ സിപിഎം വിമതരുടെ പ്രതിഷേധ പ്രകടനം. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമ്മേളനത്തില്‍ പുതിയ നേതൃ പാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പാണ് പ്രതിഷേധത്തിനിടയാക്കിയത്.
പി.ഉണ്ണി മാറിയപ്പോള്‍ എച്ച്എ സലാം സെക്രട്ടറിയായത് ഗോവന്ദച്ചാമിക്ക് പകരം അമീറുല്‍ ഇസ്ലാം വന്നതിന് സമമാണെന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ നിരത്തില്‍ ഇറങ്ങിയത്. സിപിഎം ജില്ലാ കമ്മറ്റി അംഗമായ പിആര്‍ വസന്തിനെതിരെയും പ്ലക്കാര്‍ഡുകളുണ്ട്.
അഴിമതിക്കാരായവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിഷേധം. കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയില്‍ ഒന്നാകെ അഴിമതിയുടെ കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും പണവും സമ്പത്തും ബാറുമെല്ലാമുള്ളവരാണ് കരുനാഗപ്പള്ളിയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്നും ഇത് പാവങ്ങളുടെ പ്രസ്ഥാനമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
പുതിയ നേതൃനിരയിലുള്ളവര്‍ക്കെതിരെ നിരവധി പരാതികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നുവെങ്കിലും അത് ചെവികൊണ്ടില്ലെന്നും എകപക്ഷീയ തീരുമാനമാണുണ്ടായതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രവര്‍ത്തകരെ കരുനാഗപ്പള്ളി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.
54 Less than a minute