BREAKING NEWSKERALALATEST

കരുവന്നൂരില്‍നിന്ന് കാണാതായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ തിരിച്ചെത്തി

തൃശ്ശൂര്‍: കരുവന്നൂരില്‍നിന്ന് കാണാതായ സിപിഎം മുന്‍ പ്രാദേശിക നേതാവ് സുജേഷ് കണ്ണാട്ട് വീട്ടില്‍ തിരിച്ചെത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്തിരുന്ന സുജേഷിനെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്. സിപിഎം മുന്‍ പ്രാദേശിക നേതാവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.
അദ്ദേഹത്തിന്റെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ സുജേഷ് വീട്ടില്‍ തിരിച്ചെത്തി. കണ്ണൂര്‍വരെ പോയി എന്നാണ് പുലര്‍ച്ചെ ഒന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ സുജേഷ് ബന്ധുക്കളോട് പറഞ്ഞത്. തന്റെ യാത്രയും ബാങ്കിലെ പ്രശ്‌നങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. വീട്ടുകാര്‍ ഭയപ്പെട്ടതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് വിഷയത്തില്‍ സിപിഎമ്മിനെതിരെ ശക്തമായി രംഗത്ത് വന്നയാളാണ് സുജേഷ് കണ്ണാട്ട്. പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ ബാങ്ക് തട്ടിപ്പിന് നേതൃത്വം വഹിക്കുന്നു എന്ന് സിപിഎം ബ്രാഞ്ച് യോഗത്തില്‍ ഉള്‍പ്പെടെ അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ബാങ്കില്‍ നിന്ന് 50 ലക്ഷത്തില്‍ കൂടുതല്‍ വായ്പ എടുത്തവരില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉണ്ട് എന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ സുജേഷ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ ബാങ്ക് വായ്പ എടുത്തവര്‍ക്കും നിക്ഷേപം നടത്തിയവര്‍ക്കും നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി ഒറ്റയാള്‍ പോരാട്ടം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഭീഷണികള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുതന്നെ പരാതി നല്‍കിയതെന്നും വീട്ടുകാര്‍ വിശദീകരിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker