BREAKING NEWSKERALALATEST

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരെ രക്ഷിക്കാന്‍ കേരള ബാങ്ക് ഇടപെടുന്നു

തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരെ രക്ഷിക്കാനും വിശ്വാസ്യത നിലനിര്‍ത്താനും കേരള ബാങ്ക് ഇടപെടുന്നു. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി എന്തെന്ന് വിലയിരുത്തി സാമ്പത്തിക സഹായം നല്‍കി സഹകരണ മേഖലയുടെ തന്നെ വിശ്വാസ്യത നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കുമ്പോള്‍ ആദ്യം തന്നെ 150 കോടിരൂപയെങ്കിലും നല്‍കേണ്ടിവരുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്.കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂര്‍ ബാങ്കിന്റെ ഇനിയുള്ള സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടത്തിനു നിയോഗിക്കും.
സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ ബാധിക്കുന്ന തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കിലുണ്ടായതെന്ന ബോധ്യം സര്‍ക്കാരിനുണ്ട്. സി.പി.എം. നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ബാങ്കിനുണ്ടായിരുന്നത് എന്നതും സര്‍ക്കാരിന് പ്രശ്‌നമാണ്. അതാണ് കേരള ബാങ്കിലൂടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത്.
കേരള ബാങ്ക് പ്രതിനിധി, കരുവന്നൂര്‍ ബാങ്കില്‍ പുതുതായി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍, സഹകരണ സംഘം ജില്ലാ ജോയന്റ് രജിസ്ട്രാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സാമ്പത്തിക സ്ഥിതി വിലയിരുത്തും. നിക്ഷേപകര്‍ക്ക് പണം നഷ്ടമാകില്ലെന്ന ഉറപ്പാണ് ഇതിലൂടെ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഒപ്പം, പിരിഞ്ഞുകിട്ടാനുള്ള വായ്പകള്‍, തര്‍ക്കത്തിലുള്ള വായ്പകള്‍ എന്നിവയെല്ലാം നിര്‍ണയിക്കും. പണം നഷ്ടമാകില്ലെന്ന ബോധ്യമുണ്ടായാല്‍ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിക്കാനെത്തുന്നത് തടയാനാകും. അത് ബാങ്കിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.
കരുവന്നൂര്‍ ബാങ്കിന്റെ അധീനതയിലുള്ള ഭൂമിയും ബാങ്ക് കെട്ടിടവും കേരളബാങ്കില്‍ പണയത്തിലാണ്. 42 കോടിരൂപ കേരളബാങ്കിന് നല്‍കാനുമുണ്ട്. ഈ പണവും പാക്കേജിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട അധികപണവും കേരള ബാങ്കിന് തിരിച്ചുപിടിക്കണം. അല്ലെങ്കില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ കേരള ബാങ്കിനുണ്ടാകും. അതിനാണ് കേരള ബാങ്കിലെ ഉദ്യോഗസ്ഥനെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കരുവന്നൂര്‍ ബാങ്കില്‍ നിയമിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker