BREAKINGNATIONAL

കര്‍വചൗതില്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി ഉപവാസം,പിന്നാലെ വിഷം കൊടുത്ത് കൊലപ്പെടുത്തി ഭാര്യ

ലഖ്നൗ: ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി ആചരിക്കുന്ന കര്‍വ ചൗത് ഉപവാസത്തിന് പിന്നാലെ ഭര്‍ത്താവിന് വിഷം കൊടുത്ത് കൊലപ്പെടുത്തി ഭാര്യ. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് ഷൈലേഷ് എന്ന 32 വയസ്സുകാരനെ ഭാര്യ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ കൗശംഭിയിലാണ് സംഭവം. ഷൈലേഷിന്റെ ഭാര്യ സവിതയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി.
കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, ഉത്തരേന്ത്യയിലെ സ്ത്രീകള്‍ ആഘോഷിക്കുന്ന പ്രധാനപ്പെട്ട ആചാരമാണ് കര്‍വ ചൗത്. ഇതിന്റെ ഭാഗമായി ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് വേണ്ടി സ്ത്രീകള്‍ ഉപവസിക്കും. ഇത്തരത്തില്‍ സവിതയും പകല്‍ മുഴുവന്‍ ഉപവാസം അനുഷ്ഠിച്ചിരുന്നു. വൈകുന്നേരം ഉപവാസം അവസാനിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെങ്കിലും തര്‍ക്കം അവസാനിപ്പിച്ച് ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. ശേഷം ശൈലേഷ് അടുത്ത വീട്ടിലേക്ക് പോയ തക്കം നോക്കി സവിത സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
അടുത്ത വീട്ടിലെത്തിയപ്പോഴാണ് ഷൈലേഷിന് ശാരീരിക അസ്വസ്ഥത തോന്നിയത്. അയല്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സവിത തനിക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിത്തന്നുവെന്ന് മരണപ്പെടുന്നതിന് മുന്‍പ് ഷൈലേഷ് ഡോക്ടര്‍മാരോടും അയല്‍ക്കാരോടും പറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button