LATESTBREAKING NEWSNATIONAL

കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം;അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ഡല്‍ഹിയില്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം തുടരവെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് ഡല്‍ഹിയിലെത്തി. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാറിന്റെ നാലാംഘട്ട ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് അമരിന്ദര്‍-അമിത് ഷാ കൂടിക്കാഴ്ച.

പ്രക്ഷോഭത്തില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി ചര്‍ച്ച നടത്താനായി ഒരുവിഭാഗം കര്‍ഷകര്‍ പുറപ്പെട്ടിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കും എന്നാണ് സൂചന. താങ്ങുവിലയില്‍ നല്‍കിയ ഉറപ്പുകള്‍ പ്രത്യേക ഉത്തരവായി പുറത്തിറക്കിയേക്കും.

അതേസമയം, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. സിംഘു അതിര്‍ത്തിയില്‍ നിന്ന് 35 നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്നത്. എന്നാല്‍ ഒരുവിഭാഗം ചര്‍ച്ചയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചര്‍ച്ചയ്ക്കെത്തണം എന്നാണ് ഇവരുടെ ആവശ്യം.

ഇന്നത്തെ ചര്‍ച്ച തങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമാണെന്ന് കഴിഞ്ഞദിവസം കര്‍ഷക സംഘടനകള്‍ പറഞ്ഞിരുന്നു.ചര്‍ച്ച കേന്ദ്രസര്‍ക്കാരിന് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുക്കാനുള്ള അവസാന അവസരമാണ്. അല്ലെങ്കില്‍ ഈ പ്രക്ഷോഭം കൂടുതല്‍ ശക്തമാകും, സര്‍ക്കാര്‍ വീഴും’- കര്‍ഷക സംഘടനയായ ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ നേതാവ് പ്രതിഭ ഷിന്‍ഡെ പറഞ്ഞു.

Related Articles

Back to top button