ലണ്ടന്‍: ഭക്ഷണം കഴിക്കുന്നതിനിടെ കറി മൂക്കില്‍ കയറിയതിനെ തുടര്‍ന്ന് ശ്വാസ തടസം നേരിട്ടയാളെ രക്ഷിച്ച് ഇന്ത്യന്‍ യുവാവ്. ബ്രിട്ടനിലെ നോര്‍ത്ത് വെയില്‍സിലെ ഒരു ഇന്ത്യന്‍ റസ്റ്റോറന്റില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഹോട്ടല്‍ ജീവനക്കാരനായ ഷെയ്ഖ് റിഫാത്തിന്റെ ഇടപെടല്‍ മൂലമാണ് യുവാവ് രക്ഷപ്പെട്ടത്
റസ്റ്റോറന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഭക്ഷണം കഴിക്കുന്നതിനിടെ 19 കാരനായ ജെയ്ക്ക് സ്നെല്ലിംഗ് എന്ന യുവാവിന്റെ മൂക്കില്‍ കറി കയറിയതോടെ ശ്വാസമെടുക്കാന്‍ കഴിയാതെ വന്നു. വെള്ളം കുടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവശനിലയിലായ ജെയ്ക്കിന് ശ്വാസമെടുക്കാന്‍ കഴിയാതെ വന്നതോടെ ഷെയ്ഖ് റിഫാത്ത് ഉടനടി ഇടപെടുകയായിരുന്നു.
സംസാരിക്കാനോ ശ്വസിക്കാനോ ചുമയ്ക്കാനോ സാധിക്കാത്ത ജയ്ക്കിന്റെ സാഹചര്യം മനസിലാക്കി അദ്ദേഹത്തെ ‘അബ്ഡോമിനല്‍ ത്രസ്റ്റി’ന് വിധേയമാക്കി. മിനിറ്റുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ യുവാവ് ശ്വാസമെടുക്കുകയും കസേരയില്‍ ഇരിക്കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ സംഭവം അപകടമില്ലാതെ അവസാനിച്ചതോടെ റസ്റ്റോറന്റില്‍ ഉണ്ടായിരുന്നവര്‍ കയ്യടിച്ച് ഷെയ്ഖ് റിഫാത്തിനെ അഭിനന്ദിച്ചു.
റസ്റ്റോറന്റില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ റിഫാത്തിനെ പ്രശംസിച്ച് പോലീസ് രംഗത്തുവന്നു. 24 കാരന് പ്രത്യേക അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്കി. ഒരു ദിവസം അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നോര്‍ത്ത് വെയില്‍സ് പോലീസ് പറഞ്ഞു.
തൊണ്ടയില്‍ ആഹാരമോ മറ്റെന്തെങ്കിലും വസ്തുക്കളോ കുടുങ്ങിയാല്‍ ചെയ്യുന്ന അടിയന്തര മെഡിക്കല്‍ ഇടപെടലാണ് അബ്ഡോമിനല്‍ ത്രസ്റ്റ്. രോഗിയെ കുറച്ച് കുനിച്ച് നിര്‍ത്തി പിന്നിലൂടെ തന്റെ ഇരുകൈകളും രോഗിയുടെ വയറിന്റെ മുകള്‍ഭാഗത്തായി ചേര്‍ത്തുവച്ച് ശക്തിയായി, തുടര്‍ച്ചയായി മുകളിലേക്ക് അമര്‍ത്തുന്ന രീതിയാണ്. ഈ പ്രവര്‍ത്തിക്കിടെ തൊണ്ടയില്‍ കുടുങ്ങിയ വസ്തു പുറത്തുവരും.