BREAKINGKERALANEWS
Trending

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അനിലിന് സംശയമുണ്ടായിരുന്നു, കൊന്നെന്ന് അനിൽ എന്നോട് സമ്മതിച്ചിരുന്നു; മാന്നാർ കൊലപാതകത്തിൽ മുഖ്യസാക്ഷിയുടെ മൊഴി

 

witness statement in Mannar kala murder case

ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ മുഖ്യസാക്ഷിമൊഴി ട്വന്റിഫോറിന്. കലയെ കൊലപ്പെടുത്തിയെന്ന് കലയുടെ ഭർത്താവ് അനിൽ‌ കുമാർ സമ്മതിച്ചതായി മുഖ്യസാക്ഷി പറയുന്നു. അനിൽ കുമാർ വിളിച്ചതനുസരിച്ച് വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടെന്നും സാക്ഷി സുരേഷ് പറഞ്ഞു. അനിൽ‌ കുമാറിന്റെ ഭീഷണി ഭയന്നാണ് കൊലപാതക വിവരം പുറത്ത് പറയാതിരുന്നതെന്നും സുരേഷ് പൊലീസിനോട് പറഞ്ഞു.

അബദ്ധം പറ്റിയതായും കല കൊല്ലപ്പെട്ടതായും അനിൽ കുമാർ തന്നോട് പറഞ്ഞെന്നാണ് സുരേഷിന്റെ മൊഴി. മൃതദേഹം മറവ് ചെയ്യാൻ സഹയിക്കണമെന്നും അനിൽ അഭ്യർത്ഥന നടത്തി. കല മറ്റൊരാൾക്കൊപ്പം പോയതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് അനിൽ തന്നോട് പറഞ്ഞു. കൊലപാതകത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് അറിയിച്ചു താൻ മടങ്ങിയെന്നും സുരേഷ് പറഞ്ഞു. അനിൽകുമാറിന്റെ ബന്ധുവാണ് കേസിൽ മുഖ്യ സാക്ഷിയായ സുരേഷ്. മൃതദേഹവുമായി അയ്ക്കര ജംഗ്‌ഷനിൽ അനിൽകുമാർ എത്തി എന്ന് രണ്ടാം പ്രതി ജിനുവും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇന്നലെയാണ് സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യുവതിയെ കാണാതായ കേസില്‍ സത്യങ്ങള്‍ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരമത്തൂരില്‍ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു ഉള്ളടക്കം. കൊലപ്പെടുത്തിയ രീതിയും , പങ്കുള്ളവരുടെ പേരുകളും ഉള്‍പ്പടെ വിശദമായി കത്തില്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് അതീവ രഹസ്യമായി അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

Related Articles

Back to top button