കലാഭവനില്‍ തബല വിദ്വാനായ എം.എ. പോളിന്റെ മകന്‍ മൈക്കിള്‍ അഥവാ ഇന്നത്തെ ലാല്‍ കൂട്ടുകാരന്‍ സിദ്ധിഖും ചേര്‍ന്ന് മിമിക്രിയുമായി നടക്കുന്ന കാലം. മിമിക്രിയുടെ പശ്ചാത്തലത്തില്‍ ആബേലച്ചന്‍ കലാഭവനില്‍ വലിയ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു എന്നും, ഒന്ന് പോയി കാണണമെന്നും ലാല്‍ സിദ്ധിഖിനോട്. ലാലിന്റെ പിതാവിന്റെ പരിചയത്തിലാണ് അങ്ങനെയൊരു കൂടിക്കാഴ്ച ഒരുങ്ങിയത്. കലാഭവന്‍ എന്ന് കേട്ടതും സിദ്ധിഖിന് ഉള്ളില്‍ കിടുകിടുപ്പ്. അത്രയും വലിയ പേര് തന്നെയായിരുന്നു കാരണം.
നേരില്‍ക്കാണാന്‍ ലാല്‍ വഴിയൊരുക്കി. ദിവസവും കുറിച്ച് വാങ്ങി. അപ്പോഴും ഉള്‍വലിഞ്ഞ സിദ്ധിഖ്, ലാലിനോട് തനിയെ പോകാന്‍ ഉപദേശിച്ചു. പക്ഷേ ലാല്‍ പിന്‍വാങ്ങിയില്ല. സിദ്ധിഖ് കൂടെയുണ്ടെങ്കില്‍ മാത്രം പോകും, ഇല്ലെങ്കില്‍ ഇല്ല. ഒടുവില്‍ ഉള്ളിലെ അങ്കലാപ്പ് മാറ്റിവച്ച് ലാലിന് കൂട്ടുപോകാനുള്ള തീരുമാനം ലാലിന്റെയും സിദ്ധിഖിന്റെയും തലവര തിരുത്തിക്കുറിക്കുന്നതായി.
മിമിക്‌സ് പരേഡ് എന്ന ആശയം സിദ്ധിഖിന്റേതായിരുന്നു. ഫൈന്‍ ആര്‍ട്‌സ് ഹാളിലെ ആദ്യ ഷോ കണ്ട് ബുക്കിംഗ് നല്‍കിയത് സംവിധായകന്‍ രാജീവ് കുമാറും. അങ്ങനെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് രണ്ടാമത് വേദിയായി.
കലാഭവനില്‍ പ്രധാനമായി എഴുത്തുകാരായിരുന്നു ലാലും സിദ്ധിഖും. പില്‍ക്കാലത്ത് തുളസീദാസിന്റെ സംവിധാനത്തില്‍ ‘മിമിക്‌സ് പരേഡ്’ എന്ന ചിത്രം ഇറങ്ങിയതും കലാഭവനും മിമിക്‌സ് പരേഡും കേന്ദ്രീകരിച്ചായിരുന്നു. കലയെ സ്‌നേഹിച്ച ആബേലച്ചന്റെ വേഷം ചെയ്തത് ഇന്നസെന്റും. തന്നെ അവതരിപ്പിച്ച ഇന്നസെന്റിന്റെ പ്രകടനം ആബേലച്ചന് ബോധിക്കുകയും ചെയ്തു. ഇതിന്റെ രണ്ടാം ഭാഗമെന്നോണം ‘മിമിക്‌സ് ആക്ഷന്‍ 500’ എന്ന ചിത്രവുമിറങ്ങി.