പാലക്കാട്: കല്‍പ്പാത്തി രഥോത്സവ സമയത്ത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചത് മാറ്റേണ്ടതില്ലെന്ന് ബിജെപിയില്‍ ഒരു വിഭാഗം നേതാക്കള്‍. രഥോത്സവ സമയത്ത് പുറത്ത് നിന്നുള്ള വോട്ടര്‍മാര്‍ നാട്ടിലെത്തുന്ന സമയമാണെന്നും കല്‍പ്പാത്തിയില്‍ ഏറെയും ബിജെപി വോട്ടുകളായതിനാല്‍ ഇത് ഗുണം ചെയ്യുമെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ കത്ത് കൊടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 13, 14, 15 തീയ്യതികളിലാണ് കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. ഇതില്‍ ഒന്നാം തേരുത്സവം നവംബര്‍ 13 നാണ്. ഈ തീയ്യതിയില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കല്‍പ്പാത്തിയിലെ വാര്‍ഡുകളെല്ലാം ബിജെപി ജയിച്ചതാണെന്നും ബൂത്തുകളെല്ലാം ബിജെപി ലീഡ് ചെയ്യുന്ന ബൂത്തുകളാണെന്നും ശിവരാജന്‍ ചൂണ്ടിക്കാട്ടുന്നു. കല്‍പ്പാത്തി രഥോത്സവ നാളില്‍ തെരഞ്ഞെടുപ്പ് വെച്ചാല്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് അറിയുന്നത് കൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ കഴിയുന്ന മുഴുവന്‍ അഗ്രഹാര വോട്ടര്‍മാരും ഈ മൂന്ന് ദിവസങ്ങളിലും കല്‍പ്പാത്തിയിലെത്തും. 16 കഴിഞ്ഞാല്‍ എല്ലാവരും തിരികെ പോകും. 20 ന് തെരഞ്ഞെടുപ്പ് വെച്ചാല്‍ ഇവിടെ വോട്ട് ചെയ്യാന്‍ ആളുണ്ടാവില്ല. ബിജെപിക്ക് ലഭിക്കേണ്ട വോട്ട് കുറയ്ക്കാനാണ് യുഡിഎഫ് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
74 1 minute read