സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും നടപ്പിലാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കല്ലിടല്‍ മാത്രമാണ് മാറ്റിയത്. സര്‍ക്കാര്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷം ഇപ്പേല്‍ പദ്ധതിയെ അനുകൂലിച്ച് തുടങ്ങിയോ എന്നും ജയരാജന് ചോദിച്ചു.
അതേസമയം സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ചു. റവന്യൂ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സാമൂഹിക ആഘാത പഠനത്തിന് ജി.പി.സ് സംവിധാനം കൊണ്ടുവരാനും തീരുമാനമായി.കേരളാ റെയില്‍വേ ഡെവലപ്മെന്റ് കോര്‍പറേഷന്റെ അപേക്ഷ പ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. കെ റെയില്‍ കല്ലിടലിനെതിരെ വലിയ രീതിയില്‍ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. ഇനി മുതല്‍ കല്ലിടല്‍ വേണ്ട എന്നും പകരം ജി.പി.എസ് സര്‍വേ മതിയെന്നുമാണ് റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ടം വിജയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കല്ലിടല്‍ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം ചെവിക്കൊള്ളാതിരുന്ന സര്‍ക്കാരിന് ഇപ്പോള്‍ ബോധോദയം ഉണ്ടായിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്താനും ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.