BREAKINGKERALA

കളക്ടറും കുടുങ്ങുമോ? നവീന്റെ മരണത്തെക്കുറിച്ചുള്ള ലാന്‍ഡ് റവന്യു ജോ. കമീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകം

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമീഷണറുടെ റിപ്പോര്‍ട്ട് കളക്ടറടക്കമുള്ളവര്‍ക്ക് നിര്‍ണായകമാകും. ലാന്‍ഡ് റവന്യു ജോയിന്റ് കമീഷണര്‍ ഇന്നോ നാളെയോ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. നവീന്‍ ബാബുവിനെതിരെ കോഴ ആരോപണം ഉന്നയിച്ച പി പി ദിവ്യയുടെ മൊഴി എടുത്തിട്ടില്ലെന്നതാണ് അന്വേഷണത്തിലെ ശ്രദ്ധേയമായ ഒരു കാര്യം. കേസില്‍ പ്രതിയായ ദിവ്യ മുന്‍കൂര്‍ ജാമ്യപേക്ഷയിലെ കോടതി വിധി വരും വരെ ഒളിവില്‍ ആണെന്നാണ് വിവരം. അതുകൊണ്ടാണ് ദിവ്യയുടെ മൊഴി എടുക്കാനാകാത്തത്.
എ ഡി എം നവീന്‍ ബാബുവിന്റെ യാത്രയയപ്പിലേക്ക് താന്‍ ദിവ്യയെ ക്ഷണിച്ചില്ല എന്നാണ് കണ്ണൂര്‍ കളക്ടറുടെ മൊഴി. കൈക്കൂലി കൊടുത്തു എന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകും കളക്ടര്‍ക്ക് എതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കുക.
അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് സാധ്യത ഒഴിവാക്കാനായി പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ദിവ്യയെ സംബന്ധിച്ചടുത്തോളം അതി നിര്‍ണായകമാണ് കോടതിയുടെ ഇടപെടല്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കാനാണ് സാധ്യത.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

Related Articles

Back to top button