കൊച്ചി: കളമശ്ശേരിയില്‍ ബസ്സില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ കൂടെ താമസിച്ചിരുന്ന യുവതിയുമായി മരിച്ച അനീഷിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.
ശനിയാഴ്ച സര്‍വീസ് നടത്തുന്നതിനിടയില്‍ കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനില്‍ വെച്ചാണ് അക്രമം നടന്നത്. മിനൂപ് ബസ്സില്‍ ചാടിക്കയറി അനീഷിനെ കുത്തുകയായിരുന്നു. ഇതിനുശേഷം എച്ച്.എം.ടി. കവലക്കടുത്തുള്ള ജുമാമസ്ജിന് സമീപത്തെ റോഡിലൂടെ അനീഷിനെ കുത്തിയ കത്തിയുമായി പ്രതി മൂലേപ്പാടം ഭാഗത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു
ഹിദായത്ത് ഗ്രൂപ്പിന്റെ അസ്ത്ര ബസിലെ കണ്ടക്ടറാണ് അനീഷ്. കാക്കനാട് നിന്ന് സര്‍വീസ് നടത്തുന്ന ബസ് ശനിയാഴ്ച ദിവസങ്ങളില്‍ ഉച്ചയ്ക്ക് എച്ച്.എം.ടി. കവലയില്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണ് പതിവ്. ഇവിടെ അനീഷ് ബസ്സില്‍നിന്ന് യാത്രക്കാരെ ഇറക്കി കൊണ്ടിരിക്കുമ്പോഴാണ് മാസ്‌ക് ധരിച്ചെത്തിയ പ്രതി കത്തിയുമായി ഓടിക്കയറി അനീഷിന്റെ നെഞ്ചില്‍ കുത്തിയത്. വീണ്ടും കുത്താനുള്ള പ്രതിയുടെ ശ്രമത്തെ അനീഷ് തടുത്തതോടെ കയ്യിലും കഴുത്തിലും മുറിവേറ്റു.
കുത്തേറ്റ അനീഷിനെ ബസ് ഡ്രൈവര്‍ നൗഷാദും എച്ച്.എം.ടി.കവലയുള്ള ഓട്ടോറിക്ഷ ഡ്രൈവറും കൂടി ഓട്ടോറിക്ഷയില്‍ കളമശ്ശേരിയിലെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുത്തന്‍ കോളനിയില്‍ മറ്റത്തില്‍ പീറ്റര്‍ – ലിസി ദമ്പതികളുടെ മകനാണ് അനീഷ് . അവിവാഹിതനാണ്. ഏക സഹോദരന്‍ അജിത്.
57 1 minute read