കള്ളന്മാരോട് ആളുകള്‍ പെരുമാറുന്ന രീതി പലതായിരിക്കും. ചിലര്‍, പൊലീസിനെ വിളിക്കും. മറ്റ് ചിലര്‍ തല്ലും. ചെറിയ കളവാണെങ്കില്‍ പേടിപ്പിച്ച് പറഞ്ഞുവിടും. എന്തായാലും, ആളുകള്‍ കൂടി ഒരാളെ തല്ലുന്നത് അത്ര നല്ല കാര്യമല്ല. കള്ളന്മാരെയാണെങ്കിലും അല്ലേ? എന്തായാലും, അടുത്തിടെ മാല പൊട്ടിച്ച ഒരു യുവാവിനെ ആളുകള്‍ തല്ലി. തല്ലി എന്ന് മാത്രമല്ല, ഡാന്‍സും കളിപ്പിച്ചാണ് പറഞ്ഞു വിട്ടത്.
അതേ, സത്യമാണ്. ഭോജ്പുരി പാട്ടിന് ഡാന്‍സും കളിപ്പിച്ചാണ് ഇവര്‍ മാല പൊട്ടിച്ച യുവാവിനെ പോകാന്‍ അനുവദിച്ചത്. യുവാവ് ഡാന്‍സ് കളിക്കുന്നതിന്റെയും ഒപ്പം മറ്റുള്ളവരും ചേരുന്നതിന്റെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. Ghar Ke Kalesh എന്ന യൂസറാണ് എക്‌സില്‍ (ട്വിറ്ററില്‍) വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍, യുവാവ് ഡാന്‍സ് കളിക്കുന്നതാണ് ആദ്യം കാണുന്നത്. പക്ഷേ, ഡാന്‍സ് കളിക്കുന്നതിലുള്ള രസവും സന്തോഷവുമൊന്നും യുവാവിന് അനുഭവപ്പെടുന്നില്ല എന്നും വീഡിയോയില്‍ നിന്നും മനസിലാകും. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ യുവാവിന്റെ ചുറ്റിലും കൂടി നില്‍ക്കുന്ന ആളുകളും യുവാവിന്റെ ഒപ്പം ഡാന്‍സ് കളിക്കുന്നതാണ് കാണുന്നത്.
എന്തായാലും, വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതില്‍ കുറച്ചുപേര്‍ എത്രയൊക്കെ പറഞ്ഞാലും ഒരാളെ ആള്‍ക്കൂട്ടം ചേര്‍ന്ന് അക്രമിക്കുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല, മോഷണം നടത്തിയതിന് ഒരാളെ പിടിച്ചു കഴിഞ്ഞാല്‍ പൊലീസില്‍ ഏല്പിക്കുന്നതാണ് അതിന്റെ ശരി എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. അതേസമയം ഈ ഡാന്‍സ് യുവാവ് ഒരിക്കലും മറക്കില്ല എന്ന് കമന്റ് നല്‍കിയവരും ഉണ്ട്.
57 1 minute read