ഒരുകാലത്ത് ഇന്ത്യയിലുടനീളം കഴുകന്മാര്‍ സാധാരണമായിരുന്നു, കന്നുകാലികളുടെ ശവശരീരങ്ങള്‍ തുരന്ന് പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതില്‍ അവ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവയുടെ എണ്ണത്തിലുണ്ടായ ഇടിവ് വന്യജീവികളിലും മനുഷ്യന്റെ ആരോഗ്യത്തിലും പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് ജീവശാസ്ത്ര പഠനങ്ങള്‍ പറയുന്നത്.
ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 1990 -കളുടെ മധ്യത്തില്‍ ഇന്ത്യയില്‍ 50 ദശലക്ഷം ഉണ്ടായിരുന്ന കഴുകമാരുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. രോഗബാധിതരായ കന്നുകാലികളെ ചികിത്സിക്കുന്നതിനായി ഡിക്ലോഫെനാക് എന്ന നോണ്‍-സ്റ്റിറോയ്ഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മെഡിസിന്‍ (NSAID) ന്റെ വിപുലമായ ഉപയോഗമാണ് കഴുകന്മാരുടെ വംശനാശത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ മരുന്ന് കുത്തിവെച്ച് ചികിത്സിച്ച മൃഗങ്ങളുടെ ജഡം കഴിച്ച കഴുകന്മാര്‍ അവയുടെ വൃക്ക തകരാറില്‍ ആയതിനെ തുടര്‍ന്ന് വ്യാപകമായി ചത്തൊടുങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
ഡിക്ലോഫെനാക്( Diclofenac) വ്യാപകമായി ലഭ്യമാകുന്നതും വിലകുറഞ്ഞതും 15 മിനിറ്റിനുള്ളില്‍ ഫലം കണ്ടു തുടങ്ങുന്നത് ആയിരുന്നു. അതുകൊണ്ടുതന്നെ 1994 മുതല്‍ വെറ്ററിനറി മെഡിസിനില്‍ ഡിക്ലോഫെനാക് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. മൃഗങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍, വീക്കം, പനി എന്നിവയ്ക്ക് ഏറെ ഫലപ്രദമായിരുന്ന ഡിക്ലോഫെനാക് വളരെ വേഗത്തിലാണ് കര്‍ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള മരുന്നായി മാറിയത്.
എന്നാല്‍ അപ്രതീക്ഷിതമായ മറ്റൊരു കാര്യത്തിന് ഈ മരുന്ന് വഴി തുറക്കുമെന്ന് ആരും കരുതിയിരുന്നില്ല. മരുന്ന് ഉപയോഗിച്ച് മൃഗങ്ങളുടെ മൃതദേഹങ്ങള്‍ കഴിച്ച ഇന്ത്യന്‍ കഴുകന്മാര്‍ കൂട്ടത്തോടെ ചത്തുതുടങ്ങി. ഇന്ത്യയിലെ കഴുകന്മാരുടെ എണ്ണം ഏതാണ്ട് തുടച്ചുനീക്കപ്പെട്ടു. 2000 -ന്റെ തുടക്കത്തില്‍ കഴുകന്മാര്‍ വിരളമായി.
ഗവേഷകരായ ഇയാല്‍ ഫ്രാങ്ക്, അനന്ത് സുദര്‍ശന്‍ എന്നിവരുടെ പുതിയ പഠനമനുസരിച്ച്, കഴുകന്മാരുടെ എണ്ണം ഇങ്ങനെ കുറയുന്നത് പരോക്ഷമായി നിരവധിക്കണക്കിന് മനുഷ്യ മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നാണ് പറയുന്നത്. ‘ദി സോഷ്യല്‍ കോസ്റ്റ് ഓഫ് കീസ്റ്റോണ്‍ സ്പീഷീസ് കൊളാപ്‌സ്: എവിഡന്‍സ് ഫ്രം ദ ഡിക്ലൈന്‍ ഓഫ് വള്‍ച്ചേഴ്‌സ് ഇന്‍ ഇന്ത്യ’ എന്ന് ഇവരുടെ പഠനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
2000 നും 2005 നും ഇടയില്‍, കഴുകന്മാരുടെ കുറവ് പ്രതിവര്‍ഷം 100,000 അധിക മനുഷ്യ മരണങ്ങള്‍ക്ക് കാരണമായതായാണ് ഫ്രാങ്കും സുദര്‍ശനും തങ്ങളുടെ പഠനത്തില്‍ പറയുന്നത്. ഫ്രാങ്കിന്റെയും സുദര്‍ശന്റെയും അഭിപ്രായത്തില്‍, കഴുകന്മാരുടെ ഒരു കൂട്ടത്തിന് 385 കിലോഗ്രാം ഭാരമുള്ള ഒരു ജഡം 40 മിനിറ്റിനുള്ളില്‍ എല്ലുകളാക്കാന്‍ കഴിയും. കഴുകന്മാരുടെ അത്രയും വേഗത്തില്‍ ഇത് ചെയ്യാന്‍ കഴിയില്ലെങ്കിലും ഇന്ന് ജഡങ്ങള്‍ തേടിയെത്തുന്നത് നായ്ക്കളും എലികളും ആണ്.
മൃഗങ്ങളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നത് ഭാരിച്ച ചെലവേറിയ പണി ആയതുകൊണ്ട് തന്നെ പലരും അതിന് മുതിരാറുമില്ല. സാധാരണയായി ആളൊഴിഞ്ഞ ഇടങ്ങളില്‍ ഉപേക്ഷിക്കുകയാണ് പതിവ്. അവിടെക്കിടന്ന് ചീഞ്ഞളിയുന്ന ഇത്തരം ജഡങ്ങളില്‍ നിന്ന് വിവിധതരത്തിലുള്ള അണുക്കള്‍ മണ്ണിലും ജലാശയത്തിലും കലരുന്നതിനും കാരണമാകുന്നു. ക്രമേണ അണുക്കള്‍ മനുഷ്യരിലേക്കും എത്തുകയും പലവിധ രോഗങ്ങള്‍ക്കും അകാലമരണങ്ങള്‍ക്കും വഴിതുറക്കുകയും ചെയ്യുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്.
കഴുകന്മാരുടെ എണ്ണം കുറയുന്നതിന് മുമ്പും ശേഷവും മരണനിരക്കിനെക്കുറിച്ച് ഫ്രാങ്കും സുദര്‍ശനും സമഗ്രമായ ഗവേഷണം നടത്തി. കഴുകന്മാരുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിലും ഇല്ലാത്ത സ്ഥലങ്ങളിലും പ്രത്യേക പഠനങ്ങള്‍ നടത്തിയാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ഇവര്‍ എത്തിയത്.
68 1 minute read