BREAKING NEWSLATESTNATIONAL

ഭാര്യയുടെ ഫോണ്‍ രഹസ്യമായി ചോര്‍ത്തുന്നത് സ്വകാര്യതയുടെ ലംഘനം:ഹരിയാന ഹൈക്കോടതി

ചണ്ഡിഗഡ്: ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. 2020ലെ ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ലിസ ഗില്ലിന്റെ ഉത്തരവ്.
പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത സിഡി ഉപയോഗിച്ചു കുറ്റകൃത്യം തെളിയിക്കാന്‍ ഭര്‍ത്താവിനു ബതിന്‍ഡ കുടുംബ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
യുവതിയില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2017ലാണ് ഭര്‍ത്താവ് ഹര്‍ജി നല്‍കിയത്. 2009ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. കേസിന്റെ ക്രോസ് വിസ്താരത്തിനിടെ, മെമ്മറി കാര്‍ഡിലോ മൊബൈല്‍ ഫോണിലെ ചിപ്പിലോ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളുടെ സിഡിയും ട്രാന്‍സ്‌ക്രിപ്റ്റുകളും സഹിതം സപ്ലിമെന്ററി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി തേടി 2019 ജൂലൈയില്‍ ഭര്‍ത്താവ് അപേക്ഷ സമര്‍പ്പിച്ചു. 2020ല്‍, കുടുംബ കോടതി അതിനു അനുവാദം നല്‍കി. തുടര്‍ന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
‘പ്രസ്തുത സിഡികള്‍ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ ലംഘനവും കടന്നുകയറ്റവുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ് 21ന്റെ ലംഘനമാണ്. ഇത്തരം സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുനല്‍കാന്‍ കഴിയില്ല. ഹര്‍ജിക്കാരന്റെ സമ്മതമോ അറിവോ കൂടാതെ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ അവ തെളിവായി സ്വീകാര്യമല്ല’– ഭാര്യയുടെ അഭിഭാഷകന്‍ വാദിച്ചു. പിന്നാലെ, ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker