BREAKING NEWSLATESTNATIONAL

കശ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയവും തിരഞ്ഞെടുപ്പും ആദ്യം

ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പു നടത്താനും യുക്തമായ സമയത്ത് സംസ്ഥാനപദവി നല്‍കാനും പ്രതിജ്ഞാ ബദ്ധരാണെന്ന് കേന്ദ്രസര്‍ക്കാര്‍. മേഖലയിലെ ഭാവി നടപടികള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച വിളിച്ച സര്‍വക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാമേഖലയിലും ജനാധിപത്യ പ്രക്രിയയും വികസനവുമെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ദില്ലി കി ദൂരി’യും ‘ദില്‍ കി ദൂരി’യും (ഡല്‍ഹിയിലേക്കുള്ള ദൂരവും മനസ്സിലെ ദൂരവും) ഒഴിവാക്കണമെന്നും വിഷയത്തില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം രാജ്യതാത്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ വാഗ്ദാനം ചെയ്തതുപോലെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിന് മണ്ഡല പുനര്‍നിര്‍ണയ നടപടികളും സമാധാനപരമായ തിരഞ്ഞെടുപ്പും നിര്‍ണായകമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. എന്നാല്‍, സുപ്രീംകോടതിയുടെ പരിഗണനിയിലിരിക്കുന്നതിനാല്‍ 370ാം അനുച്ഛേദം സംബന്ധിച്ച് സര്‍ക്കാര്‍ പ്രതികരിച്ചില്ല.
ജമ്മുകശ്മീരിന് സമ്പൂര്‍ണ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്നും ഭരണഘടനാപരമായ അവകാശങ്ങള്‍ തിരിച്ചു നല്‍കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പട്ടു. മണ്ഡല പുനര്‍നിര്‍ണയം ആവശ്യമില്ലെന്നും ജമ്മുകശ്മീരിന് മാത്രമായി ഇത്തരത്തില്‍ പ്രത്യേകനടപടി എന്തിനാണെന്നും പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ സഖ്യം നേതാക്കള്‍ ചോദിച്ചു. കോണ്‍ഗ്രസ് അഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചു. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാകിസ്താനുമായും ചര്‍ച്ചയാകാമെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടു. യോഗം സൗഹൃദപരമായിരുന്നുവെന്ന് പ്രതിപക്ഷഭരണപക്ഷ നേതാക്കള്‍ പിന്നീട് അഭിപ്രായപ്പെട്ടു.
ജമ്മുകശ്മീരിന് പ്രത്യേകപദവി വ്യവസ്ഥ ചെയ്യുന്ന 370ാം അനുച്ഛേദം 2019ല്‍ റദ്ദാക്കിയ ശേഷം ആദ്യമായാണ് കേന്ദ്ര സര്‍ക്കാരും അവിടത്തെ രാഷ്ട്രീയ നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരടക്കം 14 രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ വസതിയില്‍ വൈകീട്ട് 3.30ന് ആരംഭിച്ച യോഗം മൂന്നര മണിക്കൂര്‍ നീണ്ടു. ജമ്മുകശ്മീരില്‍ ജനാധിപത്യപ്രക്രിയ വിപുലീകരിക്കാനായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ അധ്യക്ഷത വഹിച്ച് പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പും ജില്ലാതല തിരഞ്ഞെടുപ്പും നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനര്‍നിര്‍ണയം നടത്താന്‍ എല്ലാവരും സഹകരിക്കണം. മേഖലയുടെ ശാന്തിയും സമാധാനവുമാണ് പരമപ്രധാനം. ഒരു മരണം പോലും സങ്കടകരമാണ്. യുവാക്കളെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ജമ്മുകാശ്മീരില്‍ സ്വീകരിച്ച നടപടികളും നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളുടെ രൂപരേഖയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ജമ്മുകാശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker