BREAKING NEWSLATESTNATIONAL

കസേര പോയെങ്കിലും കടിഞ്ഞാണ്‍ യെദ്യൂരപ്പയുടെ കൈയില്‍ തന്നെ

ന്യൂഡല്‍ഹി: പടിയിറങ്ങിയാലും ഭരണത്തിന്റെ ചരടുകള്‍ ബി.എസ്. യെദ്യൂരപ്പയുടെ കൈകളിലും പാര്‍ട്ടിയുടെ അടിത്തറ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയിലുമായിരിക്കുമെന്നുറപ്പിച്ചാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം കര്‍ണാടകയില്‍ കരുക്കള്‍ നീക്കിയത്. യെദ്യൂരപ്പയുടെ വിശ്വസ്തനും ലിംഗായത്ത് വിഭാഗം നേതാവുമായ ബസവരാജ് ബൊമ്മെയെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിലൂടെ ഈ സമവാക്യമാണ് ബി.ജെ.പി. ആവര്‍ത്തിക്കുന്നത്.കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായകസ്വാധീനമുള്ള ലിംഗായത്ത് വിഭാഗത്തെ പിണക്കുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് കോണ്‍ഗ്രസിന്റെ തളര്‍ച്ചയില്‍നിന്ന് ബി.ജെ.പി.ക്ക് രാഷ്ട്രീയപാഠമാണ്.ഏതുപാര്‍ട്ടിയോട് ആഭിമുഖ്യം കാട്ടിയാലും ഒറ്റക്കെട്ടായി അതിനൊപ്പം നിലയുറപ്പിക്കുകയെന്ന ശീലമുള്ള ലിംഗായത്ത് വിഭാഗത്തിനെ പിണക്കിക്കൊണ്ട് രാഷ്ട്രീയതീരുമാനം കൈക്കൊള്ളാന്‍ ബി.ജെ.പി.ക്ക് തത്കാലം സാധ്യമല്ല. ദക്ഷിണേന്ത്യയിലേക്കുള്ള ബി.ജെ.പി.യുടെ രാഷ്ട്രീയകവാടവും കര്‍ണാടകയാണ്.കര്‍ണാടകയിലെ രാഷ്ടീയചരിത്രവുമായി ആഴത്തില്‍ വേരോട്ടമുള്ള ജാതിവിഭാഗമാണ് ലിംഗായത്തുകള്‍. ഒരുകാലത്ത് കോണ്‍ഗ്രസിന്റെയും ഇടക്കാലത്ത് ജനതാപാര്‍ട്ടികളുടെയും പിന്നീട് ബി.ജെ.പി.യുടെയും ശക്തികേന്ദ്രങ്ങളായ ഈവിഭാഗം 120-140 നിയമസഭാമണ്ഡലങ്ങളില്‍ നിര്‍ണായക സാന്നിധ്യമാണ്. സംസ്ഥാന ജനസംഖ്യയില്‍ 16 ശതമാനം പ്രാതിനിധ്യമുള്ള ലിംഗായത്ത് വിഭാഗത്തില്‍ 2000 മുതല്‍ പരക്കെ സ്വാധീനമുള്ള നേതാവാണ് യെദ്യൂരപ്പ.സ്വാതന്ത്ര്യാനന്തരകാലത്ത് ലിംഗായത്തുകള്‍ കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചത്. 1969-ല്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ലിംഗായത്ത് വിഭാഗത്തിലെ പ്രധാന നേതാക്കളായ എസ്. നിജലിംഗപ്പ, വീരേന്ദ്രപാട്ടീല്‍ തുടങ്ങിയവര്‍ ‘കോണ്‍ഗ്രസ്-ഒ’യില്‍ ചേര്‍ന്നു. അപ്പോള്‍ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ കോണ്‍ഗ്രസ്-ഒ.യ്ക്കായി. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്-ഒ ജനതാപാര്‍ട്ടിയില്‍ ലയിച്ചു. അപ്പോള്‍ ലിംഗായത്തിന്റെ വോട്ടുകള്‍ ജനതാപാര്‍ട്ടിക്ക് ലഭിച്ചു. 1978-ല്‍ വീരേന്ദ്രപാട്ടീല്‍ കോണ്‍ഗ്രസ്-ഐയിലേക്ക് തിരിച്ചുപോയി. ലിംഗായത്ത് വോട്ടുബാങ്കിന്റെ പിന്തുണയോടെ 1989-ലെ തിരഞ്ഞെടുപ്പില്‍ കര്‍ണാടക മുഖ്യമന്ത്രിയായി. 224-ല്‍ 178 സീറ്റുകള്‍ നേടിയാണ് പാട്ടീല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാല്‍, കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം, ബെംഗളൂരുവിലുണ്ടായ വര്‍ഗീയസംഘര്‍ഷങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 1990-ല്‍ രാജീവ് ഗാന്ധി പാട്ടീലിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി നീക്കി.ഈ തിരുമാനം ലിംഗായത്ത് സമുദായത്തെ കോണ്‍ഗ്രസില്‍നിന്ന് അകറ്റി. സാമൂഹികസേവനവകുപ്പില്‍ ഒരു സാധാരണഗുമസ്തനായി ജോലി ചെയ്തുകൊണ്ടിരുന്ന ബി.എസ്. യെദ്യൂരപ്പ രാഷ്ട്രീയത്തിലിറങ്ങിയത് ഈ ഘട്ടത്തിലാണ്. വീരശൈവ-ലിംഗായത്ത് വിഭാഗക്കാരനായ യെദ്യൂരപ്പ 1997-ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ചുകൊണ്ട് രാഷ്ട്രീയത്തില്‍ സജീവമായി. 1998-ല്‍ ബി.ജെ.പി.യുടെ സംസ്ഥാനപ്രസിഡന്റായി. 2004-ല്‍ ലിംഗായത്ത് സമുദായത്തിന്റെ പിന്തുണയോടെ യെദ്യൂരപ്പ സംസ്ഥാനരാഷ്ട്രീയത്തില്‍ കേന്ദ്രീകരിച്ചു.ഇടക്കാലത്ത് പാര്‍ട്ടിയില്‍നിന്ന് പിണങ്ങിപ്പിരിഞ്ഞ യെദ്യൂരപ്പ 2013-ലെ നിയമസഭാതിരഞ്ഞെടുപ്പിലുണ്ടാക്കിയ ക്ഷീണം ബി.ജെ.പി. മറക്കില്ല. യെദ്യൂരപ്പയുടെ സ്വന്തംപാര്‍ട്ടിയായ കര്‍ണാടക ജനതാപക്ഷ മത്സരത്തിനിറങ്ങിയതോടെ ബി.ജെ.പി. 40 സീറ്റുകളിലേക്ക് ചുരുങ്ങിയത് കേന്ദ്രനേതൃത്വത്തിനും മറക്കാനാകില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker