BREAKING NEWSKERALA

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും ആക്രമിച്ച കേസ്; നാലാം പ്രതി അജികുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ പാസ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും മര്‍ദ്ദിച്ച കേസില്‍ പിടിയിലായ നാലാം പ്രതി അജികുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ ഇതുവരെ റിമാന്‍ഡിലായ രണ്ട് പ്രതികളുടേയും കസ്റ്റ!ഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും. സംഭവം നടന്ന് മൂന്നാഴ്ചയാകുമ്പോള്‍ അഞ്ച് പ്രതികളുള്ള കേസില്‍ ഇതുവരെ രണ്ട് പേരാണ് പിടിയിലായത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കണ്‍സെഷന്‍ പുതുക്കാനായെത്തിയ അച്ഛനെയും മകളെയും യൂണിഫോമില്‍ ആക്രമിച്ച ആളാണ് ഇപ്പോള്‍ !റിമാന്‍ഡിലായ അജികുമാര്‍. ആക്രമണ ദൃശ്യങ്ങളില്‍ നീല യൂണിഫോമില്‍ കണ്ട അജികുമാറിനെ കേസില്‍ ആദ്യം പ്രതി ചേര്‍ക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസ് പ്രതിചേര്‍ത്തതിന് പിന്നാലെ കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കൂട്ടുപ്രതികള്‍ക്ക് ഒപ്പം കഴിഞ്ഞ 12 ദിവസമായി ഇയാളും ഒളിവിലായിരുന്നു. സംഭവം നടന്ന് ഇത്രയും നാള്‍ പ്രതികളെ തൊടാതിരുന്ന പൊലീസ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് തുടങ്ങിയത്. രണ്ടാം പ്രതി സുരക്ഷാ ജീവനക്കാരന്‍ സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അടക്കം ശേഖരിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. തെളിവായി കോടതിയിലുള്ള ദൃശ്യങ്ങളുമായി ഒത്തുനോക്കാന്‍ ഇയാളുടെ ശമ്പ്ദ സാമ്പിള്‍ എടുക്കേണ്ടതുണ്ട്.
അഞ്ച് പ്രതികളുള്ള കേസില്‍ ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തടക്കം ചെന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ പ്രതികളെ ജീവനക്കാരുടെ സംഘടന തന്നെ സംരക്ഷിക്കുകയാണെന്നും സൂചനയുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker