കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുവിന്റെ സംസ്കാരം ഇന്ന്. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കും. സുഹൃത്തിനൊപ്പം ഫാമിൽ വിറക് ശേഖരിക്കുന്നതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണം.
വിറക് ശേഖരിക്കാനെത്തിയ സംഘത്തിന് നേരെ കാട്ടാനകൂട്ടം ആക്രമിക്കാനെത്തി. ആനകളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടയിൽ രഘു വീണുപോയി. ആനക്കൂട്ടം പിന്തിരിഞ്ഞതോടെ സുഹൃത്തുക്കളെത്തി രഘുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫും ബിജെപിയും ആറളം ഫാമിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ഹർത്താൽ.