BREAKINGKERALALOCAL NEWS

കാണാതായപ്പോള്‍ ഒരു യുവതിക്ക് 17 വയസ്, ഒരാള്‍ക്ക് 24; ഒളിച്ചോടി കാമുകനൊപ്പം ജീവിതം, 2 പതിറ്റാണ്ടിന് ശേഷം കണ്ടെത്തി

ചാരുംമൂട്: ആലപ്പുഴയില്‍ നിന്നും കാണാതായ രണ്ടു സ്ത്രീകളെ രണ്ടു പതിറ്റാണ്ടിലധികമായ ശേഷം നൂറനാട് പൊലീസ് കണ്ടെത്തി. മാന്നാര്‍ കല കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ കാണാതായി വര്‍ഷങ്ങളായിട്ടും ആളുകളെ കണ്ടെത്താന്‍ കഴിയാത്ത കേസുകളില്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുനരന്വേഷണം നടത്തിയിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനില്‍ 2000, 2003 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ നൂറനാട്, താമരക്കുളം എന്നിവിടങ്ങളില്‍ നിന്ന് കാണാതായ രണ്ടു സ്ത്രീകളെയാണ് ഇപ്പോള്‍ കണ്ടെത്തിയത്.
കാണാതായ സമയത്ത് 24 ഉം 17 ഉം വയസുണ്ടായിരുന്ന യുവതികള്‍ തങ്ങളുടെ കാമുകന്‍മാരോടൊപ്പം ഒളിച്ചോടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നാടുവിട്ട ശേഷം പല സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. കാണാതായ വ്യക്തികള്‍ക്കായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘങ്ങളില്‍ നൂറനാട് സി ഐ, എസ് ശ്രീകുമാറിന്റെ നേതൃത്തിലുള്ള ടീമാണ് ഇവരെ കണ്ടെത്തിയത്.
നിരവധി മൊബൈല്‍ നമ്പരുകള്‍ നിരീക്ഷിച്ചും ബന്ധുക്കള്‍ക്കിടയില്‍ വിവര ശേഖരണം നടത്തിയും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരുടേയും നിലവിലെ താമസ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. രണ്ട് യുവതികളേയും കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. ഇത്തരം കേസുകളില്‍ സമഗ്ര അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. എസ് ഐ, എസ് നീതീഷ്, എ എസ് ഐ സിനു വര്‍ഗ്ഗീസ്, ജില്ലാ ക്രൈം ബ്രാഞ്ച് എ എസ്, ഐ എ സുധീര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button