കോഴിക്കോട്:വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കാണാതായ സഹോദരിമാരടക്കം ആറു പെണ്‍കുട്ടികളെ ബെംഗളൂരുവില്‍ കണ്ടെത്തി. മടിവാളയിലെ ഹോട്ടലില്‍നിന്നാണ് കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവര്‍ക്കൊപ്പം രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ സംശയം തോന്നി ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. കസ്റ്റഡിയിലായ പെണ്‍കുട്ടി ഉള്‍പ്പടെ ബാക്കി അഞ്ച് പേരും ഓടി രക്ഷപെട്ടതായി ജീവനക്കാര്‍ പറയുന്നു.
ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ശേഷമാണ് ഇവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍നിന്നു കടന്നുകളഞ്ഞത്. കാണാതായ കേസുകളില്‍ ഉള്‍പ്പെട്ട ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്.
കാണാതായ ആറു പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. കമ്മിഷന്‍ അംഗം ബി.ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിച്ചു.