ഇന്തോനേഷ്യന്‍ തീരത്ത് നിന്ന് കാണാതായ അമേരിക്കന്‍ വനിത കോളിന്‍ മോണ്‍ഫോറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ഒരു സ്രാവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 26 ന് പുലാവു റെഡാങ് ദ്വീപിന് സമീപം ഡൈവിംഗ് നടത്തുന്നതിനിടെയാണ് 68 കാരിയായ മോണ്‍ഫോറിനെ കാണാതായത്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയ ഒരു സ്രാവിന്റെ വയറ്റില്‍ നിന്നും മോണ്‍ഫോറിന്റെതെന്ന് വിശ്വസിക്കുന്ന ചില വസ്തുക്കളും അവരുടെ വെറ്റ്‌സ്യൂട്ടും കുളിക്കുന്ന സ്യൂട്ടും കണ്ടെത്തുകയായിരുന്നു. കാണാതായ കോളിന്‍ മോണ്‍ഫോറിനെ സ്രാവ് ആക്രമിച്ചിരിക്കാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
മോണ്‍ഫോറിനെ കാണാതായ ഡൈവ് സൈറ്റില്‍ നിന്ന് 70 മൈല്‍ അകലെയുള്ള തിമോര്‍-ലെസ്റ്റെയ്ക്ക് സമീപത്ത് നിന്നാണ് ഒക്ടോബര്‍ 4 ന് മത്സ്യത്തൊഴിലാളികള്‍ സ്രാവിനെ പിടികൂടിയത്. എന്നാല്‍, സുഹൃത്ത് കിം സാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ അവകാശവാദം നിഷേധിച്ചു. തന്റെ നല്ല സുഹൃത്ത് എന്നാണ് കിം സാസ്, മോണ്‍ഫോറിനെ തന്റെ കുറിപ്പില്‍ വിശേഷിപ്പിച്ചത്. മോണ്‍ഫോറിന്റെ മരണം സ്രാവിന്റെ ആക്രമണം മൂലമല്ലെന്നും മറിച്ച് ഡൈവിംഗ് സമയത്ത് സംഭവിച്ച ഒരു മെഡിക്കല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടിരിക്കാമെന്നും കിം ചൂണ്ടിക്കാട്ടുന്നു.
സ്രാവ് അവളെ ഭക്ഷിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘കോളീന്റെ മൃതദേഹം തിരിച്ചറിഞ്ഞു. അവളുടെ വിരലടയാളങ്ങള്‍ (തിരിച്ചറിയാന്‍ കഴിയുന്നത്) യുഎസ് എംബസിയും പ്രാദേശിക സര്‍ക്കാരും മരണത്തിന്റെ തെളിവിനായി ഉപയോഗിക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സ്രാവ് അവളെ ആക്രമിച്ചിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല,’ സാസ് എഴുതി.
അതേസമയം ഗ്രൂപ്പിന്റെ ഡൈവ് മാസ്റ്ററുടെയും മറ്റ് രണ്ട് മുങ്ങല്‍ വിദഗ്ധരുടെയും ഡൈവ് റെക്കോര്‍ഡുകള്‍, ഫോട്ടോകള്‍, ദൃക്‌സാക്ഷി വിവരണങ്ങള്‍ എന്നിവ കടലിലെ ഒഴുക്കിലെ മാറ്റം കാരണം മടങ്ങിപ്പോകാന്‍ അവര്‍ തീരുമാനിക്കുമ്പോള്‍ മോണ്‍ഫോര്‍ കടലടിയില്‍ 24 അടി താഴ്ചയിലായിരുന്നുവെന്നാണ്. അപ്പോഴും പകുതിയോളം ഓക്‌സിജന്‍ അവശേഷിച്ചിരുന്നു. മാത്രമല്ല അവള്‍ നല്ലൊരു മുങ്ങല്‍ വിദഗ്ദയാണെന്നും സാസ് ചൂണ്ടിക്കാട്ടി. അവളുടെ ജീവിതം അവസാനിപ്പിച്ചത് ഒരു സ്രാവാണെന്ന് കരുതാന്‍ തനിക്കാകില്ലെന്നും അവരെഴുതി. സ്രാവിന്റെ ശരീരത്തില്‍ നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തിയത് കൊണ്ട് അവളെ സ്രാവ് കൊലപ്പെടുത്തി എന്ന് പറയാനാകില്ല. ആ തെളിവുകള്‍ തെറ്റാണെന്നും സാസ് കുറിച്ചു.
49 1 minute read