BREAKINGKERALA
Trending

കാണാതായ ശേഷം കണ്ടെത്തിയ അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ അസം സ്വദേശിനിയായ 13 വയസ്സുകാരിയെ ഞായറാഴ്ച രാത്രി 10.30-ഓടെ തിരുവനന്തപുരത്തെത്തിച്ചു. വിശാഖപട്ടണത്തുനിന്ന് കഴക്കൂട്ടം എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കൊണ്ടുവന്നത്. തിങ്കളാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചേര്‍ന്ന് കുട്ടിയെ കൈമാറുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. കുട്ടിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കും. കുട്ടിയെ മാതാവ് മര്‍ദിച്ചെന്ന പരാതിയും പരിശോധിക്കും.
ഞായറാഴ്ച രാത്രി 10.30-ഓടെ കേരള എക്സ്പ്രസില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ ഷാനിബാ ബീഗത്തിനു കൈമാറി. കുട്ടിയെ ശിശുക്ഷേമസമിതിയുടെ കേന്ദ്രത്തില്‍ പാര്‍പ്പിക്കും.
കഴിഞ്ഞ 20-നാണ് മാതാപിതാക്കളോടു പിണങ്ങി പെണ്‍കുട്ടി വീടുവിട്ടുപോയത്. കഴക്കൂട്ടം പോലീസില്‍ പിതാവ് പരാതി നല്‍കിയതോടെ അന്വേഷണം ഊര്‍ജിതമായി. ബുധനാഴ്ച പുലര്‍ച്ചെ കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് അറിഞ്ഞതോടെ കേരള, തമിഴ്നാട് പോലീസും ആര്‍.പി.എഫും റെയില്‍വേ സ്റ്റേഷനുകളിലും പുറത്തും പരിശോധന നടത്തി. കുട്ടി കന്യാകുമാരി സ്റ്റേഷനില്‍ ഇറങ്ങുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ചെന്നൈയിലേക്കോ ഗുവാഹാട്ടിയിലേക്കോ പോയേക്കാമെന്ന നിഗമനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. മലയാളി അസോസിയേഷനുകളുടെ സഹായത്തോടെ ട്രെയിനുകളില്‍ പരിശോധന തുടങ്ങി.
വിശാഖപട്ടണത്ത് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

Related Articles

Back to top button