BREAKING NEWSLATESTWORLD

കാതറീന രാജകുമാരിയ്ക്ക് സ്ത്രീയെ വിവാഹം ചെയ്യാം, അധികാരം പോകില്ല; നയം വ്യക്തമാക്കി ഡച്ച് പ്രധാനമന്ത്രി

ആംസ്റ്റര്‍ഡാം: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ഹോളണ്ടില്‍ കിരീടാവകാശിയായ കാതറീന അമാലിയ രാജകുമാരിയ്ക്ക് സ്ത്രീയെയോ പുരുഷനെയോ വിവാഹം ചെയ്യാമെന്ന് ഡച്ച് പ്രധാനമന്ത്രി. രാജകുമാരി സ്വവര്‍ഗ വിവാഹം ചെയ്താലും അധികാരം നഷ്ടമാകില്ലെന്നും പ്രധാനമന്ത്രി മാര്‍ക്ക് റുട്ട് വ്യക്തമാക്കി. 2001 മുതല്‍ ഹോളണ്ടില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാണ്.
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ 17കാരിയായ കാതറീന അമാലിയ തയ്യാറായിട്ടില്ല. ഇവരുടെ വ്യക്തിജീവിതം സംബന്ധിച്ച അധികവിവരങ്ങള്‍ ലഭ്യമല്ലെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് നിയമപരമായി സ്വവര്‍ഗവിവാഹങ്ങള്‍ അനുവദനീയമാണെങ്കിലും രാജകുടുംബത്തില്‍ ഇത് അനുവദിച്ചേക്കില്ലെന്ന് അടുത്തിടെ പുറത്തിറങ്ങിയ ചില പുസ്തകങ്ങളില്‍ പരാമര്‍ശം വന്നതോടെയാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വ്യക്തത വരുത്തിയത്.
കാതറീനയ്ക്ക് ഒരു സ്ത്രീയെ വിവാഹം ചെയ്യുന്നതിലും പ്രശ്‌നമില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. വിഷയം മുന്‍പ് ചര്‍ച്ച ചെയ്തത് 2000ത്തിലാണെന്നും ഇതിനു ശേഷം കാലം ഏറെ മാറിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. രാജാവോ കിരീടാവകാശിയോ സ്വവര്‍ഗവിവാഹം ചെയ്യുന്നതില്‍ നിന്ന് മാറി നില്‍ക്കണമെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്നും അദ്ദേഹം കത്തില്‍ വിശദീകരിച്ചു. 2001ലാണ് നെതര്‍ലന്‍ഡ്‌സില്‍ സ്വവര്‍ഗവിവാഹങ്ങള്‍ നിയമവിധേയമായത്.
അതേസമയം, കിരീടാവകാശി സ്വവവര്‍ഗവിവാഹം ചെയ്താല്‍ ദമ്പതികളുടെ കുട്ടികളിയേക്ക് അധികാരം കൈമാറുന്നത് എങ്ങനെയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ മാത്രം ആലോചിക്കേണ്ട വിഷയമാണ് ഇതെന്നും കാലത്തിനനുസരിച്ച് കുടുംബനിയമങ്ങള്‍ മാറുന്നുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു വിവാഹങ്ങള്‍ക്കു വിരുദ്ധമായി രാജകുടുംബത്തിലെ വിവാഹങ്ങള്‍ നടക്കാന്‍ പാര്‍ലമെന്റിന്റെ കൂടി അനുമതി വേണം. മുന്‍പും രാജകുടുംബത്തില്‍ നടന്ന ചില വിവാഹങ്ങള്‍ പാര്‍ലമെന്റ് അനുമതി നല്‍കാത്തതി്‌റെ പേരില്‍ മുടങ്ങിയിട്ടുണ്ട്.
നെതര്‍ലന്‍ഡ്‌സിലെ വില്ലെം അലെക്‌സാണ്ടര്‍ രാജാവിന്‍്രെ മൂത്ത പുത്രിയാണ് നെതര്‍ലന്‍ഡ്‌സിലെ കിരീടാവകാശിയായ കാതറീന രാജകുമാരി. കാതറീന അമാലിയ ബിയാട്രിക്‌സ് കാര്‍മന്‍ വിക്ടോറിയ എന്നാണ് ഇവരുടെ മുഴുവന്‍ പേര്. മാക്‌സിമ രാജ്ഞിയാണ് അമ്മ. വില്ലം അലെക്‌സാണ്ടര്‍ രാജാവിനു ശേഷം അധികാരമേറ്റെടുക്കുന്ന കാതറീനയ്ക്ക് ആയിരിക്കും നെത!ര്‍ലന്‍ഡ്‌സിന്റെയും അറൂബ, കുറാകോ പ്രദേശങ്ങളുടെയും ഭരണച്ചുമതല. 2003 ഡിസംബര്‍ ഏഴിനാണ് കാതറീന അമാലിയ ജനിച്ചത്. കാതറീനയെക്കൂടാതെ രണ്ട് ഇളയ പെണ്‍കുട്ടികള്‍ കൂടി വില്ലം അലക്‌സാണ്ടര്‍ രാജാവിനുണ്ട്.
രാജകുടുംബത്തിന് പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ടെങ്കിലും 1848 മുതല്‍ പാര്‍ലമെന്റി ജനാധിപത്യമാണ് നെതര്‍ലന്‍ഡ്‌സില്‍ നിലവിലുള്ളത്. രാജാവിനോ രാജ്ഞിയ്‌ക്കോ രാഷ്ട്രത്തലവന്‍ എന്ന പദവിയുണ്ടെങ്കിലും അധികാരങ്ങള്‍ പരിമിതമാണ്. രാജ്യഭരണം നിര്‍വഹിക്കുന്നത് കേന്ദ്രമന്ത്രിസഭയാണെങ്കിലും രാജാവിന് ഭരണകാര്യങ്ങളില്‍ മന്ത്രിസഭയെ ഉപദേശിക്കുന്നത് പതിവാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker