ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി മാറാന്‍ കാനഡ. 2023 ആകുമ്പോഴേക്കും പുതിയ തീരുമാനം രാജ്യത്ത് മുഴുവനായും നടപ്പാക്കുമെന്നും അത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഓരോ സിഗരറ്റിലും അച്ചടിക്കുന്ന സന്ദേശങ്ങളില്‍ മാറ്റമുണ്ടാകുമെങ്കിലും നിലവിലുള്ള നിര്‍ദ്ദേശം ‘ഓരോ പഫിലും വിഷം’ എന്ന് അച്ചടിക്കാനാണ്.
ജനങ്ങളില്‍ 10 ശതമാനത്തില്‍ അധികം പേര് ദിവസവും പുകവലിക്കുന്നവരാണ്. 2035ഓടെ ഈ നിര പകുതിയായി കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇത്തരം സന്ദേശങ്ങളുടെ പുതുമയും സ്വീധീനവും ഇന്നത്തെ കാലത്ത് കുറഞ്ഞു വരികയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മാനസികാരോഗ്യ മന്ത്രി കരോലിന് ബെനറ്റ് പറഞ്ഞു.
കാനഡ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ രാജ്യത്തെ ഹൃദ്രോഗ വിദഗ്ധരും ക്യാന്‍സര്‍ രോഗ വിദഗ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മുന്നറിയിപ്പ് ലോകത്തിന് മാതൃക സൃഷ്ടിക്കുമെന്നും പുകവലിക്കുന്നവര്‍ക്ക് ഇത് ഒഴിവാക്കാന്‍ കഴിയാത്ത മുന്നറിയിപ്പായിരിക്കുമെന്നും കാന്‍സര്‍ സൊസൈറ്റിയിലെ സീനിയര്‍ പോളിസി അനലിസ്റ്റ് റോബ് കണ്ണിംഗ്ഹാം പറഞ്ഞു.