BREAKINGINTERNATIONAL

കാന്‍സര്‍ ബാധിച്ചു, തന്റെ അവശേഷിക്കുന്ന സമയം ലേലം ചെയ്ത് 31 -കാരി

സമയത്തോളം വിലപ്പെട്ടതൊന്നും ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഇല്ല എന്നാണ് പറയപ്പെടുന്നത്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തില്‍ അര്‍ബുദം ബാധിച്ച ഒരു യുവതി തന്റെ അവശേഷിക്കുന്ന ജീവിതകാലം മിനിറ്റുകള്‍ ആക്കിത്തിരിച്ചു ലേലം ചെയ്യുകയാണ്. സമയത്തിന്റെ മൂല്യം ആളുകളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണത്രേ ഇവര്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്യുന്നത്.
വളരെ ആരോഗ്യവതിയായി ജീവിച്ച ഈ 31 -കാരിയുടെ ജീവിതത്തിലേക്ക് തീര്‍ത്തും അപ്രതീക്ഷിതമായാണ് കാന്‍സര്‍ കടന്നുവന്നത്. തന്റെ ജീവിതത്തില്‍ അവശേഷിക്കുന്നത് എത്ര നാളാണെന്ന് അറിയില്ലെങ്കിലും ആ സമയം പൂര്‍ണമായും ക്യാന്‍സര്‍ ഗവേഷണത്തെക്കുറിച്ചും സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആളുകളെ ബോധ്യപ്പെടുത്താനായി ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം.
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള എമിലി ലാഹേ എന്ന 31 -കാരിയാണ് NUT കാര്‍സിനോമ എന്ന അപൂര്‍വ തരം ക്യാന്‍സര്‍ പിടിപെട്ട് ചികിത്സയില്‍ കഴിയുന്നത്. സാധാരണയായി ഈ അവസ്ഥയിലുള്ള ഒരു വ്യക്തി ആറു മുതല്‍ 9 മാസം വരെ മാത്രമേ ജീവിക്കുകയുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍, തന്റെ ജീവിതത്തിലെ അവശേഷിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് എമിലി.
‘ടൈം ടു ലിവ്’ എന്ന് പേരിട്ടിരിക്കുന്ന ഒരു തത്സമയ കലാസൃഷ്ടിയുടെ ഭാഗമായി എമിലി തന്റെ സമയത്തിന്റെ ഭാഗങ്ങള്‍ അപരിചിതര്‍ക്ക് ലേലം ചെയ്തു നല്‍കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആ പ്രത്യേക സമയങ്ങളില്‍ അവര്‍ തിരഞ്ഞെടുക്കപ്പെടുന്ന അപരിചിതരുമായി ഒരുമിച്ച് സമയം ചെലവഴിക്കുന്നു.
ക്യാന്‍സര്‍ രോഗനിര്‍ണയം നടത്തിയ ഒരാളുമായി സമയം ചെലവിട്ടതിനു ശേഷം ആ വ്യക്തികള്‍ക്ക് ഉണ്ടാകുന്ന വൈകാരികവും മാനസികവുമായ വ്യത്യാസങ്ങളെക്കുറിച്ച് മനസ്സിലാക്കാനും മനുഷ്യരാശിയുടെ പുരോഗതിക്കായി കാന്‍സര്‍ ഗവേഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയാനും ആണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

Related Articles

Back to top button